ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്താന്‍ ആദ്യം തീരുമാനിച്ചത് 2019 ഫെബ്രുവരി ആദ്യവാരം. എന്നാല്‍, കാലാവസ്‌ഥ അനുകൂലമാകാത്തതു മൂലം പദ്ധതി ഒരാഴ്‌ച വൈകിക്കാന്‍ പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് നിര്‍ബന്ധിതമായി. മഞ്ഞു നീങ്ങി കശ്‌മീരിലെ ഹൈവേകള്‍ തുറന്നതോടെയാണ് ആക്രമണം സംഘടിപ്പിക്കാന്‍ ജെയ്‌ഷിന് സാധിച്ചത്.കഴിഞ്ഞ വെള്ളിയാഴ്‌ച അറസ്‌റ്റിലായ ഷാക്കിര്‍ ബഷീര്‍ മഗ്‌രേയെ ചോദ്യം ചെയ്‌തതില്‍നിന്നാണു ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്ക് പുല്‍വാമാ ഭീകരാക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി ആദ്യ വാരം ആക്രമണത്തിനായി ജെയ്‌ഷെ സര്‍വ സന്നാഹങ്ങളും തയാറാക്കി കാത്തിരുന്നു. എന്നാല്‍, മഞ്ഞു നീങ്ങിയതിനുശേഷം മാത്രമാണു കശ്‌മീരിലെ റോഡുകള്‍ തുറന്നതും സൈനിക വാഹനവ്യൂഹങ്ങളുടെ നീക്കം ആരംഭിച്ചതും. തുടര്‍ന്നായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്ന് അരങ്ങേറിയത്.പുല്‍വാമാ ആക്രമണത്തിന്റെ പദ്ധതി തയാറാക്കല്‍ മുതല്‍ നടപ്പാക്കല്‍ വരെയുള്ള സംഭവങ്ങളെക്കുറിച്ച് അറിയാവുന്ന ചുരുക്കം ചിലരിലൊരാളാണു പിടിയിലായ മഗ്‌രേയെന്നു പേരുവെളിപ്പെടുത്താത്ത എന്‍.ഐ.എ. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ആക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദാറിനെ, ദൗത്യത്തിനായി കണ്ടെത്തിയതും അയാള്‍ക്ക് താമസമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതും മഗ്‌രേയാണ്.ദാറിന് ഒളിച്ചു താമസിക്കാന്‍ സൗകര്യം നല്‍കിയ താരീഖ് അഹമ്മദ് ഷാ(50), മകള്‍ ഇന്‍ഷാ ജാന്‍ (23) എന്നിവരെയും കഴിഞ്ഞ ദിവസം എന്‍.ഐ.എ. കസ്‌റ്റഡിയിലെടുത്തിരുന്നു.
എന്‍.ഐ.എയ്‌ക്ക് ലഭിച്ച വിവരങ്ങളനുസരിച്ച് പുല്‍വാമാ ആക്രമണത്തിന്റെ പദ്ധതി ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത് 2018 ജൂണിലാണ്. പദ്ധതിക്ക് ഒക്‌ടോബറില്‍ പാകിസ്‌താന്റെ അംഗീകാരം ലഭിച്ചു.
തുടര്‍ന്ന് ജെയ്‌ഷിന്റെ പ്രാദേശിക വിഭാഗം സ്‌ഫോടക വസ്‌തുക്കള്‍ ശേഖരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനം തുടങ്ങി.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന്, സി.ആര്‍.പി.എഫ്. വാഹന വ്യൂഹത്തിലേക്കു സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച കാറുമായി ജെയ്‌ഷെ ചാവേര്‍ പാഞ്ഞുകയറി നടത്തിയ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ഇതിനു തിരിച്ചടിയായി ഫെബ്രുവരി 26 ന് വ്യോമസേന പാകിസ്‌താനിലെ ബാലാകോട്ടിലുള്ള ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. നൂറു കണക്കിനു ഭീകരരെ വധിക്കുകയും ചെയ്‌തു.
Post Your Comments