KeralaLatest NewsNews

കേരളത്തിലേയ്ക്ക് ഒഴുകുന്നത് പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ : ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനാകുന്നില്ല : കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി: കേരളത്തിലേയ്ക്ക് ഒഴുകുന്നത് , പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ . ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനാകുന്നില്ലെന്ന് പരാതി വ്യാപകമായതോടെ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തി. തമിഴ്‌നാട്ടില്‍നിന്നുള്‍പ്പെടെ വെളിച്ചെണ്ണയെന്ന പേരില്‍ വ്യാജന്‍ കേരളത്തിലെ ബ്രാന്‍ഡുകളുടെ പേരില്‍ വിതരണം ചെയ്യുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി.

പരിശുദ്ധ വെളിച്ചെണ്ണയിലും മായം, ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം ഒരു ലൈസന്‍സിക്ക് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ രജിസ്റ്റര്‍ ചെയ്ത് വിപണനം നടത്താന്‍ കഴിയുകയുള്ളുവെന്ന് എറണാകുളം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കേരളത്തിനകത്തുളള ഉല്‍പ്പാദകരും വിതരണക്കാരും നിര്‍ബന്ധമായും അതതു ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസുമായി ബന്ധപ്പെട്ടു ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കേരളത്തിനു പുറത്ത് ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ സംസ്ഥാനത്തു വിതരണം ചെയ്യുന്നതിനു ബന്ധപ്പെട്ട വിതരണക്കാര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍നിന്ന് അനുമതി നേടിയാല്‍ മാത്രമേ ജില്ലയ്ക്കകത്ത് ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യുകയുളളൂ.

കൂടാതെ കേരളത്തിനു പുറത്ത് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണ നിര്‍മാതാക്കളുടെ ഒരു ബ്രാന്‍ഡ് മാത്രമേ കേരളത്തിലെ ഒരു വിതരണക്കാരനു സംസ്ഥാനത്തു വിതരണം ചെയ്യാന്‍ സാധിക്കുകയൂളളൂ. വെളിച്ചെണ്ണ ഉല്‍പാദന/വിതരണ/വിപണന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളും ബ്രാന്‍ഡിന്റെ പേരും എഫ്എസ്എസ്എഐ ലൈസന്‍സ് നന്പരും ബ്രാന്‍ഡ് ലേബലിന്റെ പകര്‍പ്പും ഹാജരാക്കി മാര്‍ച്ച് 15-നു മുന്പു രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

ഈ ഉത്തരവ് മാര്‍ച്ച് 15-ന് പ്രാബല്യത്തില്‍ വരും. ഈ തിയതിക്കു ശേഷം രജിസ്റ്റര്‍ ചെയ്യാത്ത ബ്രാന്‍ഡിലുളള വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുകയോ റീ പാക്ക് ചെയ്യുകയോ, വിതരണം നടത്തുകയോ ചെയ്താല്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button