
ഭര്‍ത്തിവിന്റെയും മക്കളുടെയും കാര്യങ്ങള്‍ കഴിഞ്ഞ് വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തിന് പരിഗണന നല്‍കാറൊള്ളു. ജോലിഭാരവും വീട്ടിലെ ചുമതലകളും സംതുലിതമാക്കാനുള്ള ഓട്ടപാച്ചിലിനിടയില്‍ സ്വന്തം ആരോഗ്യ കാര്യങ്ങളില്‍ സ്ത്രീകള്‍ അത്ര ആകുലരാകാറില്ലെന്നതാണ് വാസ്തവം. എന്നാല്‍ സ്ത്രീകളിലെ പല പ്രധാന ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും സ്ഥിരമായി ചെയ്യേണ്ട ചില പരിശോധനകളിലൂടെ തടയാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ എല്ലാ സ്ത്രീകളും കൃത്യമായി ചെയ്തിരിക്കേണ്ട അഞ്ച് പരിശോധനകളുണ്ട്.
അനീമിയ
സ്ത്രീകളില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് വിളര്‍ച്ച. ചുവന്ന രക്താണുക്കള്‍ കുറയുന്ന അവസ്ഥയാണ് ഇത്. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ജീവവായു (ഓക്സിജന്‍) എത്തിക്കുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കേണ്ട ചുവന്ന രക്താണുക്കള്‍ക്ക് അത് കഴിയാതെവരുമ്‌ബോഴാണ് വിളര്‍ച്ച ഉണ്ടാകുന്നത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തോളമായി അനീമിയയെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും ഇന്ത്യയിലാണ് ഇത് ഏറ്റവുമധികമുള്ളത്. വര്‍ഷത്തിലൊരിക്കലെങ്കിലും എല്ലാ സ്ത്രീകളും അനീമിയ പരിശോധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വിറ്റാമിന്‍ ഡി ഡെഫിഷ്യന്‍സി
വിറ്റാമിന്‍ ഡിയുടെ കുറവ് എല്ലുകളുടെ ബലക്ഷതം മുതല്‍ വിഷാദം വരെയുള്ള അവസ്ഥകള്‍ക്ക് കാരണമാകും. എല്ലുകള്‍ക്ക് വേദന, മസിലുകള്‍ക്ക് ബലക്കുറവ്, തളര്‍ച്ച എന്നിവയാണ് ലക്ഷണങ്ങള്‍. ഭക്ഷണത്തില്‍ നിന്നോ സൂര്യപ്രകാശത്തില്‍ നിന്നോ സ്ത്രീകള്‍ക്ക് വിറ്റാമിന്‍ ഡി വേണ്ടത്ര ലഭിക്കാറില്ലെന്നത് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. 25-ബൈഡ്രോക്സി വൈറ്റമിന്‍ഡി ബ്ലഡ് ടെസ്റ്റ് വഴിയാണ് ഇത് പരിശോധിക്കുന്നത്.
കാല്‍സ്യം ഡെഫിഷ്യന്‍സി
പ്രായമാകുന്തോറും സ്ത്രീകളുടെ എല്ലുകളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി കാണാറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലമാണ് ശരീരത്തിന് ആവശ്യമായ കാല്‍സ്യം പ്രധാനം ചെയ്യുന്നത്. എന്നാല്‍ ഒടിവോ സമാനമായ അവസ്ഥകളോ സംഭവിക്കുമ്‌ബോള്‍ മാത്രമാണ് കാല്‍സ്യക്കുറവിനെക്കുറിച്ച് സ്ത്രീകള്‍ മനസ്സിലാക്കാറൊള്ളു. എന്നാല്‍ ഇത് കണ്ടെത്താനായി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
പാപ് സ്മിയര്‍, പെല്‍വിക് പരിശോധനകള്‍
21-ാം വയസ്സ് മുതല്‍ എല്ലാ വര്‍ഷവും സ്ത്രീകള്‍ ചെയ്തിരിക്കേണ്ട പരിശോധനയാണ് ഇത്. ഗര്‍ഭാശയമുഖത്തെ (cervx) അര്‍ബുദങ്ങളടക്കമുള്ള പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുന്‍കൂട്ടി കണ്ടെത്താന്‍ ഉതകുന്ന കോശപരിശോധനയാണ് പാപ്പ് സ്മിയര്‍. സെര്‍വിക്കല്‍ കാന്‍സര്‍ പോലുള്ളവ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ പരിശോധന.
മാമോഗ്രാം
സ്തനാര്‍ബുദ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സുരക്ഷിതമായ എക്സ്റേ പരിശോധനയാണ് മാമോഗ്രാം. സാധാരണ രീതിയിലുള്ള ബാഹ്യപരിശോധനയില്‍ വ്യക്തമാകാത്ത മാറ്റങ്ങള്‍ സ്തനകോശങ്ങളിലുണ്ടെങ്കില്‍ അത് മാമോഗ്രാം പരിശോധനയിലൂടെ വ്യക്തമാകും. യാതൊരു രോഗലക്ഷണവുമില്ലാത്തവരില്‍ മുന്‍ കരുതല്‍ എന്ന നിലയ്ക്കും രോഗലക്ഷണങ്ങള്‍ കണ്ടവരില്‍ വിദഗ്ധ പരിശോധനയ്ക്കായും മാമോഗ്രാം ചെയ്യും. 20നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഈ പരിശോധനയ്ക്ക് വിധേയരാകണം.
Post Your Comments