Latest NewsKeralaNews

ഇടതുസര്‍ക്കാര്‍ പിന്നാക്കക്കാരെ പിന്നില്‍ നിന്ന് കുത്തുന്നു – പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്•ഉദാരമായ വ്യവസ്ഥകളോടെ സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ഇപ്പോഴും അപ്രാപ്യമായി തുടരുന്ന സാഹചര്യത്തിലാണ് ഭൂരിപക്ഷ സമുദായ പ്രീണനം ലക്ഷ്യം വച്ചുള്ള സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി ഏര്‍പ്പെടുത്തിയ പിന്നാക്ക സംവരണത്തെ അട്ടിമറിക്കുകയെന്ന സംഘപരിവാര അജണ്ടയുടെ ഭാഗമായാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത്. സവര്‍ണ പ്രീണനം ലക്ഷ്യമിട്ടുള്ള സംഘപരിവാര അജണ്ട സംസ്ഥാനത്തു നടപ്പാക്കുന്നതില്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഇടതുസര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 2.5 ഏക്കറും മുന്‍സിപ്പാലിറ്റികളില്‍ 75 സെന്റും കോര്‍പ്പറേഷനുകളില്‍ 50 സെന്റുമാണ് സംവരണത്തിന് അര്‍ഹത കണക്കാക്കുന്നതിനുള്ള ഭൂമിയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്. വിപണി വില കണക്കാക്കിയാല്‍, കോടികളുടെ ഭൂസ്വത്ത് ഉള്ള മുന്നോക്ക സമുദായാംഗങ്ങള്‍ക്കാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ സംവരണത്തിന് അര്‍ഹത നല്‍കിയിരിക്കുന്നത്.

നരേന്ദ്രന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ പിന്നാക്ക സമുദായങ്ങള്‍ക്കുണ്ടായ സംവരണം നഷ്ടം നികത്താന്‍ യാതൊരു നടപടിയും മാറിമാറിവന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. തുടര്‍ന്നുള്ള സംവരണ നഷ്ടം തടയാന്‍ നരേന്ദ്രന്‍ പാക്കേജ് പ്രകാരം നടപ്പാക്കിയ എന്‍.സി.എ റിക്രൂട്ട്‌മെന്റ് രീതി സര്‍ക്കാരിലെ സംവരണ വിരുദ്ധ ലോബി അട്ടിമറിക്കുകയാണുണ്ടായത്. ഇതുമൂലം കഴിഞ്ഞ 13 വര്‍ഷമായി വിവിധ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലടക്കം പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ഞൂറിലധികം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എല്‍.പി സ്‌കൂള്‍ മുതല്‍, കോളജ് തലം വരെ അറബി അധ്യാപക തസ്തികകളില്‍ മാത്രം ഏതാണ്ട് മുന്നൂറിലധികം ഒഴിവുകളാണ് എന്‍.സി.എ നിയമനം നടത്താതെ സംവരണ സമുദായങ്ങള്‍ക്ക് നഷ്ടപ്പെട്ടത്.

പൗരത്വ സമരങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് പറയുകയും പ്രക്ഷോഭകര്‍ക്കെതിരേ വ്യാപകമായി കേസെടുക്കുകയും ചെയ്യുന്ന അതേ ഇരട്ടത്താപ്പാണ് സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിലും ചെയ്യുന്നത്. ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്നവര്‍ മറുഭാഗത്ത് സവര്‍ണ അജണ്ടകള്‍ നടപ്പാക്കി പിന്നാക്ക ജനവിഭാഗങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാണ്. മുഖ്യമന്ത്രിയുടെ സമുദായ സംരക്ഷണം പ്രസംഗത്തിലല്ല, പ്രവര്‍ത്തിയിലാണ് ഉണ്ടാവേണ്ടത്. ഉദ്യോഗ സംവരണ വിഷയത്തില്‍ പിന്നാക്ക സമുദായാവകാശങ്ങള്‍ നിരന്തരമായി അട്ടിമറിക്കപ്പെടുകയാണെന്ന വസ്തുത, പിണറായി വിജയനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ തിരിച്ചറിയണം. ഇതിനെതിരേ, പിന്നാക്ക സമുദായ നേതൃത്വങ്ങള്‍ യോജിച്ച പ്രക്ഷോഭത്തിനു തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button