Latest NewsNewsInternational

സുവിശേഷ പ്രാര്‍ത്ഥനായോഗത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി കൊറോണ പടർന്ന സംഭവം; പാസ്റ്ററിന്റെ പ്രതികരണം ഇങ്ങനെ

തന്‍റെ പ്രാര്‍ത്ഥനാ യോഗത്തിന്‍റെ വളര്‍ച്ച തടയാനുള്ള ചെകുത്താന്‍റെ സന്തതിയെന്നായിരുന്നു കൊറോണ വൈറസിനേക്കുറിച്ച് പ്രാര്‍ത്ഥനായോഗത്തില്‍ ലീ പ്രസംഗിച്ചത്.

സോള്‍: സുവിശേഷ പ്രാര്‍ത്ഥനായോഗത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി കൊറോണ പടർന്ന സംഭവത്തിൽ പാസ്റ്റർ മാപ്പു പറഞ്ഞു. കൊറിയന്‍ മതനേതാവും സുവിശേഷ പ്രസംഗകനുമായ എന്‍പത്തിയെട്ടുകാരന്‍ ലീ മാന്‍ ഹിയാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ മുട്ടുകുത്തി മാപ്പപേക്ഷിച്ചത്.

കൊറോണ പകരാതിരിക്കാന്‍ എന്ന പേരില്‍ ലീ മാന്‍ ഹി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തവരില്‍ നിരവധിപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് നടപടി. 88കാരനായ ലീ മാന്‍ ഹിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു മാപ്പുപറച്ചില്‍. തന്‍റെ പ്രാര്‍ത്ഥനാ യോഗത്തിന്‍റെ വളര്‍ച്ച തടയാനുള്ള ചെകുത്താന്‍റെ സന്തതിയെന്നായിരുന്നു കൊറോണ വൈറസിനേക്കുറിച്ച് പ്രാര്‍ത്ഥനായോഗത്തില്‍ ലീ പ്രസംഗിച്ചത്.

മിശിഹാ ആണെന്ന് സ്വയം അവകാശപ്പെടുന്ന സുവിശേഷ പ്രചാരകനാണ് ഇയാള്‍. വൈറസ് ബാധ തടയാന്‍ സാധ്യമായത് ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയിയെന്ന് ലീ മാന്‍ ഹി പറഞ്ഞു. ഷിന്‍ ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീയ്ക്കും 11 അനുയായികള്‍ക്കുമെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

യോഗത്തില്‍ പങ്കെടുത്താല്‍ രോഗമുണ്ടാകില്ലെന്നായിരുന്നു ലീയുടെ അവകാശവാദം. ലീ മാന്‍ ഹീയുടെ സഭയിലെ 2,30,000ത്തോളം ആളുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രോഗലക്ഷണങ്ങളുണ്ടെന്ന് 9000 പേര്‍ പറഞ്ഞത്. യോഗത്തില്‍ പങ്കെടുത്ത 61കാരിയായ വനിതാ അംഗത്തിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button