ഇസ്ലാമാബാദ് : അഫ്ഗാൻ സമാധാന പ്രക്രിയയെ താളം തെറ്റിക്കുന്നതിൽ മുൻകൈയെടുക്കുന്നവരെ തിരിച്ചറിഞ്ഞു ജാഗ്രത പാലിക്കണമെന്ന് അമേരിക്കയോട് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. രാജ്യത്തിന്റെ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ടെങ്കിൽ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ കളിക്കാർ തങ്ങളുടെ “വ്യക്തിപരമായ താൽപ്പര്യങ്ങൾ” മാറ്റിവെക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ 18 വർഷത്തെ സൈനിക ഇടപെടൽ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒപ്പിട്ട കരാർ ചടങ്ങിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ഞായറാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷാ മെഹ്മൂദ് ഖുറേഷി ഇങ്ങനെ പറഞ്ഞത് .
“ആളുകൾക്ക് സമാധാനം വേണം. [അഫ്ഗാൻ] നേതൃത്വം എന്താണ് ചെയ്യുന്നതെന്ന് ഇനി നമുക്ക് വിലയിരുത്താനുള്ള സമയമാണ്. അവർ അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുണ്ടോ, അതോ വ്യക്തിപരമായ നേട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടോയെന്നതാണ് കാണേണ്ടത് . ഇതിനിടയിൽ ചിലർ വിനാശകാരികളായി പ്രവർത്തിക്കുന്നുണ്ട് . അത്തരക്കാരെ അമേരിക്ക തിരിച്ചറിയണം .
Post Your Comments