ഉമ്മുൽഖുവൈൻ : തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച ശ്രീലങ്കൻ സ്വദേശി ജനിത മധുഷന്റെ (24) മൃതദേഹം നാട്ടിലേക്കെത്തിച്ചു. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾക്ക് വിട്ട് കൊടുത്തത്.വിസിറ്റ് വിസയിൽ എത്തിയ ഇയാൾ ഈ അടുത്താണ് ഉമ്മുൽഖുവൈനിലെ പ്രമുഖ കമ്പനിയിൽ ജോലിക്ക് കയറുന്നത്. ഇയാളുടെ വിസയ്ക്കുള്ള നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് അപകടം സംഭവിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 2 ന് ഉമ്മുൽഖുവൈനിലെ താമസസ്ഥലത്തു വെച്ചാണ് അപകടം നടക്കുന്നത്. അന്നേ ദിവസം കഠിന തണുപ്പായതിനാൽ മധുഷും സഹപ്രവർത്തകരും ചേർന്ന് തങ്ങളുടെ റൂമിന് പുറത്ത് തീകായുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം എല്ലാവരും തിരികെ റൂമിലേക്ക് പോയി. എന്നാൽ മധുഷൻ അവർക്കൊപ്പം പോയെങ്കിലും ഭാര്യയുടെ കോൾ വന്നതിനെ തുടർന്ന് തിരികെ തീകായുന്നിടത്തേക്ക് വരികയായിരുന്നു. സംഭാഷണം തുടരുന്നതിനിടയിൽ ഇയാൾ തീ കൂട്ടാൻ ശ്രമിച്ചു. എന്നാൽ കത്തിക്കാൻ ഉപയോഗിച്ച ലായനി അമിതമായതിനെ തുടർന്ന് ഇയാളുടെ ദേഹത്തേക്ക് തീ ആളിപിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ മധുഷനെ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ എത്തിച്ചു. 2 ദിവസം വെന്റിലേറ്ററിൽ തുടർന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ദിവസങ്ങളോളം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ബോഡി നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള തുടർനടപടികൾക്കായി കമ്പനിയിലെ ജീവനക്കാർ യുഎഇ യിലെ നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹവും സാമൂഹ്യ പ്രവർത്തകയായ ആബിദ അബ്ദുൽ ഗഫൂറും നടത്തിയ സംയോജിതമായ ഇടപെടലുകളിലൂടെയാണ് 20 ദിവസത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
Post Your Comments