അന്തിക്കാട് : രണ്ട് മക്കളുള്ള വീട്ടമ്മ ജീവിതം അവസാനിപ്പിച്ചതിനു പിന്നില്‍ ക്ഷേത്രത്തിലെ കോമരം. യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രത്തിനുള്ളില്‍ വെച്ച് കോമരത്തിന്റെ കല്‍പ്പനയും, തുടര്‍ന്ന് ദേവിയോട് പരസ്യമായി മാപ്പ് പറയണമെന്ന് നിരവധി ആളുകളുടെ മുന്നില്‍ വെച്ച് കോമരം തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തതോടെ വീട്ടമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. മണലൂരില്‍ ബുധനാഴ്ച ജീവനൊടുക്കിയ യുവതിയുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നു ക്ഷേത്രച്ചടങ്ങിനിടെ കോമരം കല്പന പുറപ്പെടുവിച്ചെന്നും ഇതു മാനഹാനി ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
നാട്ടുകാരനായ യുവാവാണു കോമരം തുള്ളിയത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണു പരാതി. ഇയാളുടെ സുഹൃത്തിന്റെ സ്വാധീനത്താലാണു കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാള്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകര്‍ ഇന്നലെ യുവതിയുടെ വീട് സന്ദര്‍ശിക്കുകയും കോമരം തുള്ളിയ ആള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
Post Your Comments