കൊച്ചി: സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനിടെ ഫ്‌ളാറ്റുകളുടെ രജിസ്‌ട്രേഷനില്‍ നടത്തിയത് 70 കോടിരൂപയുടെ നികുതി തട്ടിപ്പ്. ആധാരത്തില്‍ വിലകുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. നിരവധി ഫ്‌ളാറ്റുകള്‍ ആധാരത്തില്‍ വിലകുറച്ചുകാണിച്ച് രജിസ്റ്റര്‍ ചെയ്തതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 2015 മുതല്‍ 2019 വരെ സംസ്ഥാനത്തുടനീളം നടന്ന ഫ്‌ളാറ്റ് രജിസ്‌ട്രേഷന്‍ ഇടപാടുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്.
മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ രജിസ്‌ട്രേഷനില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന ഫ്‌ളാറ്റ് രജിസ്‌ട്രേഷനുകളുടെ കണക്കെടുത്തത്.ചതുരശ്രയടിക്ക് 1500 രൂപയില്‍ കുറച്ചുകാണിച്ച് രജിസ്റ്റര്‍ ചെയ്ത ഫ്‌ളാറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
വിവിധ ജില്ലകളിലായി ഇത്തരം 9,810 ഫ്‌ളാറ്റുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നത് തടയാന്‍ ഫ്‌ളാറ്റുകളുടെ മൂല്യനിര്‍ണയത്തിന് സര്‍ക്കാര്‍ 2016ല്‍ വാല്യുവേറ്റര്‍മാരായി എന്‍ജിനീയര്‍മാരെ നിയോഗിക്കുകയും രജിസ്‌ട്രേഷന് ഇവരുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വാല്യുവേറ്റര്‍മാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ പോലും കൃത്രിമമുണ്ടെന്നും കണ്ടെത്തി.
Post Your Comments