കൊല്ലം : നാടിനെ മൊത്തം കണ്ണീരിലാഴ്ത്തിയ ഏഴുവയസുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെടുക്കുന്നതിന് 1820 മണിക്കൂറുകള്‍ക്കിടയ്ക്കാണു മരണമെന്നും ശരീരം ജീര്‍ണിച്ചു തുടങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയറ്റില്‍ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി വരുന്നതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്. പള്ളിമണ്‍ ആറ്റില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ കുട്ടി ആറിലേക്കു നടന്നു പോയതായി കണ്ടവരുമില്ല. അതിനാല്‍തന്നെ കുട്ടിയെ ആരോ അപായപ്പെടുത്തിയെന്ന സംശയത്തില്‍ തന്നെയാണ് അമ്മയും ബന്ധുക്കളും. ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോള്‍ കുട്ടിയുടെ ശരീരത്ത് മുറിപ്പാടുകളോ ബലപ്രയോഗങ്ങളോ നടന്നതായും കണ്ടെത്താനായില്ല. എങ്കിലും കുട്ടി ഇത്ര ദൂരം സഞ്ചരിച്ച് ആറില്‍ പോകേണ്ട സാഹചര്യം എന്താണെന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. നടപ്പാലം കടക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്കു വീണതാകാം മരണ കാരണമെന്നാണു പൊലീസ് നിഗമനം. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികള്‍ പൊലീസ് വീണ്ടും ശേഖരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം.
കാണാതായ ദിവസം ദേവനന്ദ വീടിനുള്ളില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോള്‍ ഷാള്‍ ഇല്ലായിരുന്നു. എന്നാല്‍ മൃതദേഹത്തിന് സമീപത്തുനിന്ന് ഷാള്‍ ലഭിക്കുകയും ചെയ്തു. മുറ്റത്ത് തന്റെ അടുത്തേക്കു വരുമ്പോള്‍ കുഞ്ഞ് ഷാള്‍ ധരിച്ചിരുന്നില്ല. വീടിനകത്തു കളിക്കുമ്പോള്‍ മാത്രമാണു ഷാള്‍ ചുറ്റിയിരുന്നതെന്നു അമ്മ ധന്യ ഉറപ്പിച്ചു പറയുന്നു. ഷാള്‍ എടുത്ത് പുറത്തു പോകുന്ന ശീലമില്ലെന്നും താന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഷാള്‍ സ്വീകരണമുറിയിലെ സെറ്റിയില്‍ കിടക്കുകയായിരുന്നുവെന്നും മോളെ കാണാതായി അകത്തേക്കു കയറിയപ്പോഴാണു ഷാളും കാണാനില്ലെന്ന് അറിഞ്ഞതെന്നും അമ്മ പറഞ്ഞു.
ഞങ്ങളുടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയമുണ്ട്. കുട്ടി ഒറ്റയ്ക്ക് പോയതാണ് എന്ന വാദം അംഗീകരിച്ചാല്‍ തന്നെ വീടിനു മുന്‍ഭാഗത്തുള്ള റോഡിലൂടെയല്ലേ പോകുക. പൊലീസ് നായ പോയത് ആ വഴിക്ക് അല്ല. മാത്രവുമല്ല, മൃതദേഹം ലഭിച്ച ഭാഗത്ത് ഉള്‍പ്പെടെ തലേദിവസം നീന്തല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയിട്ടും ഒരു സൂചന പോലും ലഭിച്ചിരുന്നില്ല, കേസില്‍ സമഗ്രമായ അന്വേഷണം വേണംമെന്നും ധന്യ പറയുന്നു
Post Your Comments