കോഴിക്കോട്: പ്രവേശനം വേണമെങ്കില്‍ മദ്യമോ ലഹരിയോ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപയോഗിക്കാന്‍ പാടില്ലെന്ന് വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല. 2020-21 അധ്യായന വര്‍ഷം മുതല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശനം ലഭിക്കൂ എന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
ഫെബ്രുവരി 27നാണ് ലഹരി വിരുദ്ധകമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. മദ്യം ഉള്‍പ്പടെ ലഹരി ഉപയോഗിക്കുന്നവരുടെ മക്കള്‍ക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ ഇനിമുതല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശം ലഭിക്കില്ലെന്നാണ് പറയുന്നത്. സത്യവാങ്മൂലം നല്‍കണമെന്നത് മാത്രമല്ല, ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ അതിനുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും എഴുതിനല്‍കണമെന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡീന്‍ എല്ലാ കോളജുകള്‍ക്കും സര്‍വകലാശാല വിവിധ വകുപ്പ് തലവന്‍മാര്‍ക്കും ഇ- മെയില്‍ അയച്ചു.
എന്നാല്‍ സര്‍ക്കുലര്‍ ഇറങ്ങിയത് തന്റെ അറിവോടെയല്ലെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. ലഹരി വിരുദ്ധ കമ്മിറ്റിയുടെ പല ശുപാര്‍ശകളില്‍ ഒന്ന് മാത്രമാണ് ഇത്. അതൊരു നിര്‍ദേശം മാത്രമാണ്. സിന്‍ഡിക്കേറ്റ് അടക്കമുള്ള സമിതികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കുന്നു.
Post Your Comments