തിരുവനന്തപുരം • അർഹതാലിസ്റ്റിൽ സാങ്കേതികകാരണങ്ങളാൽ പെടാതെ പോയവരുടെ അർഹത പരിശോധിച്ച് വീട് നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ വഴി രണ്ടു ലക്ഷം വീട് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതി വഴി വീട് നൽകുന്നത് ഇവിടെ പൂർണമാകുന്നില്ല. നേരത്തെ നിശ്ചയിച്ച അർഹതാ ലിസ്റ്റിൽപ്പെട്ടവരാണ് മൂന്നുഘട്ടങ്ങളായി ഉൾപ്പെട്ടത്. സാങ്കേതികപ്രശ്നങ്ങളാൽ ആ ഘട്ടത്തിൽ അർഹതാലിസ്റ്റിൽപ്പെടാത്തവരുണ്ട്. നാലരലക്ഷത്തിലേറെ പേർക്ക് വീടു ലഭിക്കുമ്പോൾ പിന്നീട് ചെറിയ സംഖ്യ മാത്രമേ വീട് ലഭിക്കാനുണ്ടാകൂ.
ഇങ്ങനെ വീണ്ടും അർഹതയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു പരിശോധനാ സംവിധാനം ഏർപ്പെടുത്തും. അർഹതയുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും ഭവനം നൽകുന്നതിനുമുള്ള നടപടി സർക്കാർ സ്വീകരിക്കും.
ജനങ്ങൾ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ ഒന്നാണ് പാർപ്പിടം. ആ പ്രശ്നങ്ങൾ ജനങ്ങൾ ആഗ്രഹിക്കുംവിധം പരിഹരിക്കുന്നതിൽ നേതൃത്വം നൽകേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ബാധ്യതയാണ്. അതിനെല്ലാവരെയും സഹകരിപ്പിച്ച് അശരണരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പാർപ്പിടം മാത്രമല്ല, മറ്റനേകം പ്രശ്നങ്ങളിലും ഇത്തരം ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്.
2,14,262 വീടുകൾ പൂർത്തിയാക്കിയത് ചെറിയ കാര്യമല്ല. എല്ലാ ഭവനപദ്ധതികളും ചേർത്താണ് ലൈഫ് ഏകോപിപ്പിച്ചത്. പി.എം.എ.വൈ റൂറൽ മേഖലയിൽ നൽകുന്നത് 75,000 രൂപവരെയാണ്. അതിനൊപ്പം 3,25,000 രൂപ കൂടി സംസ്ഥാന സർക്കാർ ഇട്ടാലേ ലൈഫ് വീട് യാഥാർഥ്യമാകൂ. അർബൻ മേഖലയിൽ 1,50,000 രൂപ വരെയാണ് നൽകുന്നത്. അതിനൊപ്പം രണ്ടരലക്ഷം സർക്കാർ ലൈഫിനായി നൽകണം.
കേവലം വീടു മാത്രമല്ല, അവരുടെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കാനാവുന്ന ജീവസന്ധാരണ മാർഗമുണ്ടാവുക എന്നത് പ്രധാനമാണ്. ലൈഫിന്റെ ഭാഗമായി വീടുകൾ അനുവദിച്ചത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. അർഹത ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവർ, ആലംബഹീനർ, മാനസികബുദ്ധിമുട്ടുകൾ ഉള്ളവർ തുടങ്ങിയവർക്ക് പരിഗണന നൽകി.
നമ്മുടെ സംസ്ഥാനത്ത് പൂർത്തികരിച്ച വീടുകളിൽ എല്ലാവരുടെയും സഹായമുണ്ടായി. ഇത്തരമൊരു പദ്ധതി രൂപീകരിച്ചതിലൂടെ നാടും നാട്ടുകാരും ഒത്തുചേർന്നു. സന്തോഷത്തിലും സന്താപത്തിലും പങ്കുചേരുകയെന്നതാണ് നമ്മുടെ നാടിന്റെ സംസ്‌കാരം. വീട് സ്വപ്നമായിരുന്നവർക്ക് അത് യാഥാർഥ്യമാക്കാനായത് സമൂഹത്തിനാകെ അഭിമാനിക്കാൻ വക നൽകുന്നതാണ്. അതുകൊണ്ടാണ് നാടാകെ ഒത്തുചേർന്ന് ഇത് വിജയമാക്കിയത്.
ആരു ഭരിച്ചുവെന്നോ, ആരു തുടങ്ങിയെന്നോ അല്ല, തുടങ്ങിയത് പൂർത്തിയാക്കാനായോ, എത്രയെണ്ണം പൂർത്തിയാക്കാൻ ഉണ്ട് എന്നതൊക്കെ അന്വേഷിക്കലാണ് പ്രധാനം. അങ്ങനെയാണ് 52,050 വീടുകൾ ആദ്യഘട്ടത്തിൽ യാഥാർഥ്യമാക്കാനായത്. അതിനുപുറമേയാണ് രണ്ടാംഘട്ടത്തിൽ 1,61,000 വീടുകൾ കൂടി നൽകിയത്.
ഒന്നാംഘട്ടത്തിന്റെ ക്രെഡിറ്റ് ആരെങ്കിലും അവകാശപ്പെടാൻ ശ്രമിച്ചാലും ഗുണഭോക്താക്കൾ മാനസികമായി ഇതിനോട് യോജിക്കില്ല. ഇത് പൂർത്തിയാക്കാൻ സഹായിച്ചവരെ അവർക്കറിയാം.
ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ സാമൂഹിക പ്രവർത്തകർ എന്ന് പറയുന്നതിൽ അർഥമില്ല. ഇത്തരം സംരംഭങ്ങളിൽ സഹകരിക്കാതെ ബഹിഷ്‌കരിക്കുന്നവർ പാവങ്ങളോട് ക്രൂരതയാണ് കാണിക്കുന്നത്.
എല്ലാ വിഷയങ്ങളിലും ബഹിഷ്‌കരണം തുടരാതെ ജനകീയ പ്രശ്നങ്ങളിൽ സഹകരിക്കാൻ പ്രതിപക്ഷമുൾപ്പെടെയുള്ളവർ തയാറാകണം.
എന്നാൽ നമ്മുടെ നാടിന്റെ ഒരുമയും കരുത്തും നഷ്ടപ്പെട്ടിട്ടില്ല. നെഗറ്റീവ് നിലപാടുകൾ ജനങ്ങളെയോ സമൂഹത്തെയോ ബാധിച്ചിട്ടില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവരെ ചരിത്രം കുറ്റക്കാരെന്ന് വിലയിരുത്തും. നാടിന്റെ പൊതുവായ പ്രശ്നങ്ങളിൽ ഒന്നിച്ചു നീങ്ങാനാകണം. തർക്കിക്കാനുള്ള വിഷയങ്ങളിൽ തർക്കമാകാം.
എല്ലാ അർഥത്തിലും ലൈഫ് പദ്ധതിയിലൂടെ ജനങ്ങളെ ചേർത്തുപിടിക്കുകയാണ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, കെ. രാജു എന്നിവർ സംബന്ധിച്ചു. എം.എൽ.എമാരായ സി. ദിവാകരൻ, ബി. സത്യൻ, സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, വി.കെ. പ്രശാന്ത്, ആസൂത്രണ ബോർഡംഗം ഡോ: കെ.എൻ. ഹരിലാൽ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സർക്കാർ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ഗ്രാമവികസന കമ്മീഷണർ എൻ. പത്മകുമാർ, നഗരകാര്യ വകുപ്പ് ഡയറക്ടർ ആർ. ഗിരിജ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ.എസ്. ചിത്ര, എം.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ ഡോ: ദിവ്യ എസ്. അയ്യർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നന്ദിയും പറഞ്ഞു.
Post Your Comments