തിരുവനന്തപുരം•സ്വപ്നഭവനത്തിലേക്ക് കരകുളം ഏണിക്കര തറട്ട കാവുവിള വീട്ടിൽ ചന്ദ്രനും ഓമനയും പുതുചുവടുകൾ വെച്ചപ്പോൾ സാക്ഷിയായി സന്തോഷം പങ്കിടാൻ ഒപ്പമെത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനിലൂടെ രണ്ടുലക്ഷം വീടുകൾ കേരളമാകെ യാഥാർഥ്യമായതിന്റെ പ്രഖ്യാപനദിനത്തിലാണ് ചന്ദ്രന്റെയും ഓമനയുടെയും വീട്ടിൽ ഗൃഹപ്രവേശനത്തിന് സാക്ഷിയാകാൻ മുഖ്യമന്ത്രി എത്തിയത്.
ചോർന്നൊലിക്കുന്ന ഒറ്റമുറി വീടിൽ നിന്ന് അടച്ചുറപ്പുള്ള സുരക്ഷിതഭവനം ലൈഫിലൂടെ യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഓമനും ചന്ദ്രനും മകൾ രോഹിണിയും. ലൈഫിലൂടെ ലഭിച്ച നാലുലക്ഷം രൂപയായിരുന്നു വീടുനിർമാണത്തിന് പ്രധാന ആശ്രയമായത്. സർക്കാരിനോടും വീട്ടിലെത്തിയ മുഖ്യമന്ത്രിയോടും നന്ദിയും കുടുംബം അറിയിച്ചു.
ഒൻപതുമണിയോടെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് പ്രതീകാത്മക താക്കോൽ കൈമാറി ഗൃഹപ്രവേശന സമ്മാനം നൽകി. തുടർന്ന്, കുടുംബാംഗങ്ങളെക്കണ്ട് സന്തോഷം പങ്കുവെച്ചു. ചന്ദ്രനോടും ഓമനയോടും മകളോടും വിശേഷങ്ങൾ ചോദിച്ചശേഷം പാലുകാച്ചിന് സാക്ഷിയാകാൻ അടുക്കളയിലുമെത്തി. കാച്ചിയപാലും പഴവും മന്ത്രിമാർക്കും മറ്റുള്ളവർക്കും എടുത്തുനൽകിയശേഷം പഴം കഴിച്ചാണ് മുഖ്യമന്ത്രി വീട്ടിൽനിന്നിറങ്ങിയത്.
തുടർന്ന് നാട്ടുകാർക്കും അഭിവാദ്യം അർപ്പിച്ച് മാധ്യമപ്രവർത്തകരോടും ലൈഫിനെപ്പറ്റി സംസാരിച്ചശേഷമാണ് മടങ്ങിയത്. ലൈഫ് മിഷനിലൂടെ വീടുകൾ യാഥാർഥ്യമായ 2,14,000 പരം കുടുംബങ്ങളുടെ സന്തോഷത്തിലും ആത്മനിർവൃതിയിലും നമുക്ക് ഒരുമിച്ച് പങ്കുചേരാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, സി. ദിവാകരൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ്, മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. അനില, മറ്റു രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
Post Your Comments