കൊട്ടിയം (കൊല്ലം): പുഴയിലെ അടിത്തട്ടില്‍ വള്ളിപ്പടര്‍പ്പുകളില്‍ തുണിക്കെട്ടു പോലെ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നു. തെരച്ചില്‍ നടത്തുന്നവര്‍ ആ ഭാഗത്തേക്ക് മുങ്ങാംകുഴിയിട്ടു. അത് തങ്ങളുടെ പൊന്നുമോളാകരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു അവര്‍. എന്നാല്‍, പ്രതീക്ഷയോടെ കാത്തിരുന്നവരെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു ആ വിവരം. അത് ദേവനന്ദ തന്നെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു നാട് മുഴുവൻ വാവിട്ടു നിലവിളിച്ചു. ഒരു പോള കണ്ണടയ്ക്കാതെ കണ്‍മണിക്കായി കാത്തിരിക്കുകയായിരുന്നു ഇളവൂരെന്ന നാടും നാട്ടുകാരും.
ഇന്നലെ പകല്‍ ദേവനന്ദയെ തേടി തളര്‍ന്ന നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റെങ്കിലും ഒന്നും പറ്റാതെ പൊന്നു മോള്‍ തിരിച്ചു വരണേ എന്ന പ്രാര്‍ഥനയായിരുന്നു എല്ലാവര്‍ക്കും. അതെ സമയം ദേവനന്ദയുടെ മൃതദേഹം കണ്ട് അലമുറയിട്ട് അച്ഛന്‍ പ്രവീണ്‍ . ഗള്‍ഫിലായിരുന്ന പ്രവീണ്‍ മകളെ കാണാതായ വിവരം അറിഞ്ഞ് ഇന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രവീണിനെ മകളുടെ മൃതദേഹത്തിന് അരികിലെത്തിച്ചു. പൊന്നുമോളുടെ ചേതനയറ്റ ശരീരം കണ്ട് പ്രവീണ്‍ വാവിട്ട് കരഞ്ഞു. തളര്‍ന്ന ആ പിതാവിനെ താങ്ങി നാട്ടുകാര്‍ ആശ്വസിപ്പിക്കാനാകാതെ നിന്നു.
ഇതുവരെ മാതാവിനെ വിവരമറിയിച്ചിട്ടില്ലെന്നാണ് സൂചന. കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളില്‍ പോകാറില്ലെന്നാണ് അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഇതാണ് കുട്ടി എവിടെ പോയി എന്നതില്‍ ദുരൂഹത ഉയര്‍ത്തിയത്. 15 മിനിട്ടിനുള്ളിലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടു പരിസരത്ത് ആരും എത്തിയതായി അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കുട്ടി ആറിനു സമീപത്തേക്ക് പോകാറുമില്ലത്രെ. വീട്ടു പരിസരത്തും 100 മീറ്റര്‍ അകലെയുള്ള പള്ളിമണ്‍ ആറിനരികിലും നാട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. കുറ്റിക്കാട്ടിനോടു ചേര്‍ന്ന് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഉടന്‍ വിഡിയോയില്‍ ചിത്രീകരിക്കും. ഇന്നല പകലും രാത്രിയും സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടന്നിരുന്നു. പുഴയില്‍ മണല്‍വാരിയുണ്ടായ കുഴികളുണ്ട്. ഇതാകാം തിരച്ചില്‍ വൈകിപ്പിച്ചത്.രാവിലെ 11.30നു സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും കുട്ടി ഏതെങ്കിലും സാഹചര്യത്തില്‍ ഇറങ്ങാന്‍ ഇടയുള്ള പള്ളിമണ്‍ ആറിന്റെ കല്‍പ്പടവുകള്‍ മുതല്‍ 500 മീറ്റര്‍ അകലെയുള്ള താല്‍ക്കാലിക തടയണവരെ പരിശോധന നടത്തി. പ്രദേശമാകെ വിജനമയാതിനാല്‍ കുട്ടി അടിയൊഴുക്കുള്ള ആറില്‍ വീണു നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കണമെന്നില്ല.
ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അര കിലോമീറ്റര്‍ അകലെവരെ മുങ്ങല്‍ വിദഗ്ധ സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ സമീപത്തെ ക്ഷേത്രത്തില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നതിനാല്‍ അവിടെ എത്തിക്കാണുമെന്ന സംശയത്താല്‍ നാട്ടുകാര്‍ ക്ഷേത്ര പരിസരത്തും അന്വേഷിച്ചെത്തി. വൈകിട്ട് 5മണിയോടെ താല്‍ക്കാലിക തടയണ ഭാഗത്തായിരുന്നു വിശദമായ തിരച്ചില്‍. എങ്കിലും ഇവിടെനിന്നും അപ്പോൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ ഇവിടെ നിന്നാണ് മൃതദേഹം ലഭിച്ചത് .ഏറെ ദുരൂഹതകളാണ് ദേവനന്ദയുടെ തിരോധാനവും മരണവും ഉയര്‍ത്തുന്നത്. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ക്ഷേത്ര ഉത്സവത്തിനായി താല്‍കാലിക പാലം കെട്ടിയിരുന്നു. തടികൊണ്ടുള്ള പാലം. ഈ പാലത്തിന് ഇപ്പുറത്താണ് ദേവനന്ദയുടെ വീട്. കുട്ടി പുഴയിലേക്ക് സ്വയം കളിക്കാനെത്തിയാല്‍ വീണു പോകാന്‍ സാധ്യതയുള്ളിടത്താണ് മൃതദേഹം പൊങ്ങിയത്. പക്ഷേ ഇവിടെ ഇന്നലെ പൊലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തിയതാണ്. വലിയ ആഴമുണ്ടെങ്കിലും ഇവിടെ ചെളി കുറവാണ്. മാലിന്യം ഉള്ളതിനാല്‍ ആരും കുളിക്കാനും ഇറങ്ങാറില്ല. അതുകൊണ്ട് തന്നെ ദേവനന്ദയും അമ്മയും മറ്റുള്ളവരും ഒന്നും ഇവിടേക്ക് വരില്ലായിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയും ഇങ്ങോട്ടുള്ള വരവും കളിയുമെല്ലാം ഒഴിവാക്കിയിരുന്നു.
പാലത്തിന്റെ അപ്പുറത്ത് നിന്ന് ഇങ്ങോട്ട് വലിയ ഒഴുക്കുണ്ട്. പാലത്തില്‍ തട്ടി മാലിന്യങ്ങള്‍ കൂമ്പാരം പോലെ കിടക്കുകയും ചെയ്യുന്നു. ഇതിനിടെയിലും ചെറിയ വിടവുണ്ട്. ഇതുവഴിയാണ് ദേവനന്ദയുടെ മൃതദേഹം തെരച്ചിലുകാരുടെ കണ്ണില്‍ പെടുന്ന തരത്തിലെത്തിയതെന്നാണ് പൊലീസിന്റെ സംശയം. അല്ലാത്ത പക്ഷം ഇന്നലെ തന്നെ മൃതദേഹം കാണുമായിരുന്നു. അതായത് വീട്ടില്‍ നിന്ന് കുറച്ചകലെ ദേവനന്ദ എത്തിയിരുന്നുവെന്നാണ് സംശയം ഉയരുന്നത്. അങ്ങനെ എങ്കില്‍ ആരോ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നും വ്യക്തം.
പൊലീസ് തെരച്ചിലും അന്വേഷണവുമെല്ലാം ചര്‍ച്ചയായപ്പോള്‍ അര്‍ദ്ധ രാത്രി ഇരുട്ടിന്റെ മറവില്‍ മൃതദേഹം പുഴയിലൂടെ ഒഴുകിയിറങ്ങിയെന്നാണ് സംശയം. പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Post Your Comments