Latest NewsKeralaIndia

സൗകര്യങ്ങളില്ലാതെ ഇരുട്ടില്‍ തപ്പി ഭക്ഷ്യസുരക്ഷാവകുപ്പ്: ആവശ്യത്തിന് ഓഫീസർമാർ ഇല്ല, കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വിരളം

സാംപിളുകളുടെ ശേഖരണം, കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനുളള കോടതി നടപടികള്‍ ഇതിന്‍റെയെല്ലാം ചുമതലയുളള ഉദ്യോഗസ്ഥന്റെ കസേരയാണ് രണ്ടുവര്‍ഷമായി കാലിയായിരിക്കുന്നത്.

തിരുവനന്തപുരം: ഭക്ഷ്യവിഷബാധാ വാര്‍ത്തകള്‍ക്കിടെ നാഥനില്ലാക്കളരിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികയില്‍ ആളില്ല. പരിശോധനകളുടെ ചുമതലയുളള ജോയിന്‍റ് കമ്മിഷണറുടെ തസ്തികയില്‍ രണ്ടുവര്‍ഷമായി സ്ഥിര നിയമനമുണ്ടായിട്ടില്ല. മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്ക് ഒറ്റ വാഹനം മാത്രമാണ് പരിശോധനയ്ക്കുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കാന്‍ ലാബുകളുടെ കുറവുണ്ടെന്ന് വിവരാവകാശ രേഖ പുറത്തു വിട്ട് ഏഷ്യാനെറ്റ്. ലാബുകള്‍ കുറവായതിനാല്‍ ഭക്ഷ്യസാധനങ്ങളില്‍ മായം കണ്ടെത്തിയാലുള്ള തുടര്‍ നടപടികളെ ബാധിക്കുന്നതായും റീജിയണല്‍ ലാബുകളില്‍ നിന്നുള്ള വിവരാവകാശ മറുപടിയില്‍ പറയുന്നു. പരിശോധനകള്‍ തന്നെ വളരെക്കുറച്ച് നടക്കുമ്പോഴും മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയാലും കേരളത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വ്വമെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

2020 ജൂണ്‍ ഒന്നുമുതല്‍ ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ ആളില്ല. മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധന, സാംപിളുകളുടെ ശേഖരണം, കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനുളള കോടതി നടപടികള്‍ ഇതിന്‍റെയെല്ലാം ചുമതലയുളള ഉദ്യോഗസ്ഥന്റെ കസേരയാണ് രണ്ടുവര്‍ഷമായി കാലിയായിരിക്കുന്നത്. മൂന്ന് ഡപ്യൂട്ടി കമ്മിഷണര്‍മാരില്‍ ഒരാള്‍ അടുത്തിടെ വിരമിച്ചു. ജില്ലയുടെ ചുമതല അസി. കമ്മിഷണര്‍മാര്‍ക്കാണ്. എറണാകുളം , മലപ്പുറം ജില്ലകളില്‍ ഈ തസ്കികയിലും സ്ഥിരം ആളില്ലാത്ത അവസ്ഥയാണ്.

ഇതിനപ്പുറം ഒഴിവുള്ള ഇടങ്ങളിലേക്ക് മറ്റ് ചുമതലകളിലുളളവര്‍ക്ക് ചാര്‍ജ് നൽകുമ്പോഴുണ്ടാകുന്ന അമിത ഭാരം വേറെ. ഉള്ളയാളുകള്‍ക്ക് പരിശോധന നടത്താന്‍ ഒരു മണ്ഡലത്തിന് ഒന്ന് എന്ന കണക്കിൽ വാഹനങ്ങളുമില്ല. അതേസമയം, മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ പിടിച്ചാല്‍ തന്നെ കുറ്റവാളികളെ ശിക്ഷിക്കുന്നത് വിരലിലെണ്ണാവുന്ന കേസുകളില്‍ മാത്രമാണെന്ന് രേഖകളിലുള്ളത്.

കുറ്റം കണ്ടെത്തിയാല്‍ തന്നെ പലരും തുച്ഛമായ പിഴയടച്ച് രക്ഷപ്പെടുന്നു. മായം ചേര്‍ന്നെന്ന് കണ്ടെത്തി, അത് റഫറല്‍ ലാബിലേക്ക് അയച്ചാല്‍ മായമില്ലെന്ന് കണ്ടെത്തുന്ന കേസുകളും നിരവധി. അതിനിടയിലാണ്, പരിശോധനകളെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് പരിശോധനാ ലാബുകളുടെ കുറവുണ്ടെന്ന വിവരാവകാശ മറുപടി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും റീജിയണല്‍ ഗവണ്‍മെന്‍റ് ലബോറട്ടറികളില്‍ നിന്നാണ് ലാബുകളുടെ കുറവ് തുടര്‍ നടപടികളെ ബാധിക്കുന്നുണ്ടെന്ന മറുപടി ചാനലിന് കിട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button