ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ ഇടതുപക്ഷ എംപിമാരും നേതാക്കളും സന്ദര്‍ശിച്ചു. എംപിമാരായ കെ കെ രാഗേഷ്, ബിനോയ് വിശ്വം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് മൈമുനമൊള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്. ആക്രമണം നടന്ന ചാന്ദ്ബാഗിലും ബ്രിജ്പൂരിയിലും എത്തിയ സംഘം ആക്രമണത്തിനിരയായ നിരവധി വീടുകള്‍ കടകളും സന്ദര്‍ശിച്ചു.
അക്രമികള്‍ കത്തിച്ച ബ്രിജ്പൂരിലെ അരുണ്‍ മോഡേണ്‍ പബ്ലിക് സീനിയര്‍ സെക്കന്ററി സ്‌കൂളിന്റെ ഉടമയായ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ഭീഷ്മ ശര്‍മയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇവിടം സംഘര്‍ഷബാധിതമായതിനാല്‍ കോണ്‍ഗ്രസ് നേതാക്കളാരും സന്ദര്‍ശിച്ചിട്ടില്ലെന്ന് ശര്‍മ നേതാക്കളോട് പറഞ്ഞു.കലാപ ബാധിത മേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് നേതാക്കള്‍ സന്ദേശം നല്‍കി.
കലാപത്തില്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ കെ കെ രാഗേഷും ബിനോയ് വിശ്വവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി. അതേസമയം അക്രമസംഭവങ്ങളില്‍ കേസെടുത്ത് നഷ്ടപരിഹാരം ലഭ്യമാക്കാനും കുറ്റവാളികളെ കണ്ടെത്താനും അടിയന്തര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ സോണിയ വിഹാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി.
Post Your Comments