Latest NewsKeralaNewsIndia

ബാലാകോട്ട് വ്യോമാക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നിര്‍ണായക രഹസ്യങ്ങളുടെ ചുരുളഴിച്ച് മലയാളി എയര്‍മാര്‍ഷല്‍

ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നിര്‍ണായക രഹസ്യങ്ങള്‍ വെളിപ്പെടുത്തി മലയാളി എയര്‍മാര്‍ഷല്‍. മുന്‍ എയര്‍മാര്‍ഷലായ സി. ഹരികുമാറാണ് രഹസ്യങ്ങളുടെ കെട്ടഴിച്ച് രംഗത്ത് എത്തിയത്.

ബാലാകോട്ട് വ്യോമാക്രമണം ഹരികുമാര്‍ തലവനായിരുന്ന വ്യോമസേനയുടെ പശ്ചിമകമാന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു. അക്രമണ രഹസ്യങ്ങള്‍ക്കു പുറമെ
ബാലാകോട്ട് മിഷന് ‘ബന്ദര്‍’ എന്ന് പേരിട്ടതിന്റെ രഹസ്യംകൂടി ഹരികുമാര്‍ വെളിപ്പെടുത്തി. അതൊരു കോഡ് വാക്കാണെന്നും ദൗത്യം വിജയിച്ചു എന്നാണ് അതിനര്‍ത്ഥമെന്നും പറഞ്ഞു

”പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് നമ്മുടെ നാല്‍പ്പത് സി.ആര്‍.പി.എഫ്. ജവാന്മാരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഫെബ്രുവരി 15-നുതന്നെ പ്രധാനമന്ത്രി മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അന്നുതന്നെ പശ്ചിമകമാന്‍ഡാസ്ഥാനത്ത് വ്യോമസേനാ മേധാവിയെത്തി എന്തെല്ലാം ചെയ്യാമെന്ന് വിലയിരുത്തി’- എയര്‍മാര്‍ഷല്‍ ഹരികുമാര്‍ പറഞ്ഞു.

’18-നുതന്നെ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ആവശ്യമായ വിവരങ്ങള്‍ തന്നു. നല്ല ചിത്രങ്ങള്‍, ലക്ഷ്യസ്ഥാനത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍…, നമ്മുടെ ആകാശനിരീക്ഷണസംവിധാനങ്ങളും നിരീക്ഷണ ഉപഗ്രഹങ്ങളും അതെല്ലാം ഒന്നുകൂടി ഉറപ്പാക്കിത്തരുകയും ചെയ്തു’.ദൗത്യത്തിന് ഏതുവിമാനം ഉപയോഗിക്കണമെന്നായി അടുത്ത ആലോചന. ‘മിറാഷ്’ തിരഞ്ഞെടുക്കാന്‍ കാരണമുണ്ടായിരുന്നു. നിയന്ത്രണരേഖയില്‍നിന്ന് അമ്ബത് കിലോമീറ്ററെങ്കിലും അപ്പുറത്താണ് ലക്ഷ്യസ്ഥാനം. സ്പൈസ്, ക്രിസ്റ്റല്‍ മേസ് ബോംബുകള്‍ ഒരുപോലെ വഹിക്കാന്‍ മിറാഷിനല്ലാതെ മറ്റെന്തിനാവും! സത്യത്തില്‍ ഏറ്റവും വലിയ ദൗത്യം കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കലായിരുന്നു. ഒന്നുറക്കെ സംസാരിച്ചാല്‍പ്പോലും രഹസ്യം ചോരാം. ഞങ്ങളാരും ഒന്നും ഫോണില്‍ സംസാരിച്ചില്ല. സംഭാഷണം മുഖത്തോടുമുഖം മാത്രം. ഓരോരുത്തരും അവരറിയേണ്ട കാര്യങ്ങള്‍ മാത്രമറിഞ്ഞു. മുഴുവന്‍ ചിത്രം ആര്‍ക്കും നല്‍കിയില്ല. ഗ്വാളിയോറില്‍നിന്ന് മിറാഷ് വിമാനങ്ങള്‍ നേരത്തേ ഡല്‍ഹിയിലെത്തിക്കാന്‍ ഞങ്ങള്‍ മുതിര്‍ന്നില്ല. അത് ആക്രമണം നടത്തേണ്ട സമയത്തുമാത്രം എത്തിച്ചു.

രഹസ്യം സൂക്ഷിക്കാന്‍ മറ്റൊരു വഴികൂടി കണ്ടു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ അതുവരെ പതിവായിരുന്ന കാര്യങ്ങളെല്ലാം അതുപോലെ തുടര്‍ന്നു. എന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍പോലും അതുപോലെ തുടര്‍ന്നു. 39 വര്‍ഷത്തെ എന്റെ സര്‍വീസ് ഫെബ്രുവരി 28-ന് അവസാനിക്കുകയായിരുന്നു. ദൗത്യം ഫെബ്രുവരി 26-ന് ആക്കാമെന്ന് വെച്ചു. അന്ന് എന്റെ പിറന്നാളാണ്. എയറോ ഷോ കഴിഞ്ഞിട്ടുമതി എന്നുകൂടി കണക്കാക്കി. ധാരാളം വിദേശികള്‍ ഇവിടെയുണ്ടാവുന്ന സമയമാണത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ 26-ന് തന്നെ. അല്ലെങ്കില്‍ ഒരുദിവസം കഴിഞ്ഞ്. അതായിരുന്നു അവസാന തീരുമാനം.

അവരുടെ റഡാര്‍ പരിധിയില്‍ നമ്മള്‍ ഒരു 12 മിനിറ്റ് വരാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ, എന്തെങ്കിലും ഒരു തിരിച്ചടിയുണ്ടായാല്‍ അതിനെ മറികടക്കാന്‍ തക്ക വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായിരുന്നു. പുലര്‍ച്ചെ 3.28-നായിരുന്നു നിശ്ചയിച്ച സമയം. 3.05-ന് പാകിസ്താന്റെ രണ്ട് എഫ്-16 വിമാനങ്ങള്‍ കിഴക്ക് പടിഞ്ഞാറേ ആകാശത്ത് മുറിദിന് മുകളിലായി സുരക്ഷാവലയം തീര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ, അവ പെട്ടെന്നുതന്നെ പിന്തിരിഞ്ഞു. നമ്മള്‍ ഉദ്ദേശിച്ചത് നടപ്പാക്കുകയും ചെയ്തു’

ഒരു തിരിച്ചടി പ്രതീക്ഷിച്ച് ഞങ്ങള്‍ ജാഗ്രതാനിര്‍ദേശം നിലനിര്‍ത്തിയിരുന്നു. പാകിസ്താനില്‍ നിന്ന് പ്രത്യാക്രമണമുണ്ടായ നിമിഷത്തില്‍ ശ്രീനഗറില്‍നിന്ന് രണ്ട് മിഗ് 21 വിമാനങ്ങളും ഉധംപുരില്‍നിന്ന് രണ്ട് മിഗ് 29 വിമാനങ്ങളും ചീറിപ്പാഞ്ഞു. പാക് വിമാനങ്ങള്‍ക്ക് ഒരിക്കലും അതിര്‍ത്തിയോ നിയന്ത്രണ രേഖയോ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ 11 തവണ ബോംബിട്ടു. ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഒരു സുഖോയ് വിമാനം വെടിവെച്ചിട്ടു എന്നത് അവരുടെ വെറും ഭാവനമാത്രം”എയര്‍മാര്‍ഷല്‍ ഹരികുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button