കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ഇന്ന് രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അഞ്ച് സഹതടവുകാർക്കൊപ്പമാണ് ജോളി ജയിലിൽ കഴിയുന്നത്. ആത്മഹത്യ പ്രവണതയുണ്ടെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും ജയിൽ അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതിനാൽ സഹതടവുകാരുടെ നിരീക്ഷണത്തിലായിരുന്നു ജോളി. ഇതിനുമുമ്പും ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴായിരുന്നു ആദ്യത്തെ ആത്മഹത്യശ്രമം.
കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് പുതച്ചുമൂടിയ നിലയിലായിരുന്നു രാവിലെ ജോളിയെ സഹതടവുകാർ കണ്ടത്. ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും ഇവരെ മാറ്റി. കുപ്പിച്ചില്ലുപയോഗിച്ച് കൈ മുറിച്ചെന്നായിരുന്നു ജോളിയുടെ മൊഴി. തുടർന്ന് മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ജോളിയെ പരിശോധിച്ചു. ജോളിക്ക് വിഷാദ രോഗമുണ്ടെന്ന സംശയമാണ് ഇദ്ദേഹം പ്രകടിപ്പിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നിൽ വിഷാദരോഗമാകാമെന്നാണ് ഇവർ പറയുന്നത്.
Post Your Comments