ന്യൂഡല്‍ഹി: തലസ്ഥാന നഗരത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാൽ ഉടൻ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ സമീപനം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് പ്രവർത്തകർ ഡൽഹിയിൽ സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാൻ സമയമായി. പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്വം അമിത് ഷായ്ക്കാണെന്നും അദ്ദേഹം ആഭ്യന്തരമന്ത്രി പദവി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും സോണിയ പറഞ്ഞു. കഴിഞ്ഞ ആഴ്ച രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എവിടെയായിരുന്നു? കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു? എന്ന ചോദ്യങ്ങളും സോണിയ ചോദിച്ചു.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ എത്ര പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. സ്ഥിതിവഷളാകുന്നതു കണ്ടിട്ടും എന്തുകൊണ്ടാണ് ആഭ്യന്തരമന്ത്രാലയം അര്‍ധസൈനിക വിഭാഗത്തെ വിളിക്കാതിരുന്നതെന്നും സോണിയ ചോദിച്ചു. ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ കലാപത്തിന് ഉത്തരവാദികളാണ്. അമിത് ഷാ ഉടന്‍ തന്നെ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണെന്നും സോണിയ പറഞ്ഞു.
ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നെന്നും സോണിയ ആരോപിച്ചു. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിന് ഇടയാക്കിയത്. അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. അടിയന്തര ഇടപെടല്‍ വേണമെന്നും സോണിയ ആവശ്യപ്പെട്ടു.
Post Your Comments