ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ട്രംപും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ വാക്‌പോര്. ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താസമ്മേളനത്തിനിടെ ഡോണള്‍ഡ് ട്രംപും സിഎന്‍എന്‍ റിപ്പോര്‍ട്ടറും തമ്മിലാണ് രൂക്ഷമായ വാക്‌പോരില്‍ ഏര്‍പ്പെട്ടത്. സിഎന്‍എന്‍ വൈറ്റ് ഹൗസ് ചീഫ് കറസ്‌പോണ്ടന്റ് ജിം അക്കോസ്റ്റയാണ് ട്രംപുമായി വാര്‍ത്താസമ്മേളനത്തിനിടെ വാക്‌പോരില്‍ ഏര്‍പ്പെട്ടത്.
മാധ്യമങ്ങളെ കാണുന്നതിനിടെ, യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അക്കോസ്റ്റ ചോദ്യമുന്നയിച്ചു. ഇതിനു മറുപടിയായി, നുണ പറഞ്ഞതിനു കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞില്ലേ എന്ന് അക്കോസ്റ്റയോടു ട്രംപ് ചോദിച്ചു. ഇതിനോടു പ്രതികരിച്ച അക്കോസ്റ്റ, സത്യം പറയുന്ന കാര്യത്തില്‍ നിങ്ങളേക്കാള്‍ വളരെ മെച്ചമാണ് തങ്ങളുടെ റെക്കോഡ് എന്ന് ട്രംപിനോടു തിരിച്ചടിച്ചു. വിട്ടുകൊടുക്കാന്‍ തയാറാകാതെ ട്രംപ്, ബ്രോഡ്കാസ്റ്റിംഗ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട റെക്കോഡാണ് നിങ്ങള്‍ക്കുള്ളതെന്നും ലജ്ജിക്കണമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍, താനോ തന്റെ സ്ഥാപനമോ ലജ്ജിക്കുന്നില്ല എന്നായിരുന്നു അക്കോസ്റ്റയുടെ മറുപടി.
2020 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ ട്രംപിന് റഷ്യന്‍ സഹായം ലഭിക്കുന്നതായി സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യേഗസ്ഥനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് സിഎന്‍എന്‍ ഈ റിപ്പോര്‍ട്ട് പിന്‍വലിച്ചു. ഇതേക്കുറിച്ചാണ് ട്രംപ് വാര്‍ത്താസമ്മേളനത്തിനിടെ പരാമര്‍ശിച്ചത്.
Post Your Comments