കൊല്ലം : തീവണ്ടികളില്‍ കവര്‍ച്ച കൂടുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിയ്ക്കുന്നതാണ് ഇത്രയും പ്രശ്‌നമെന്ന് പൊലീസും പറയുന്നു. അപരിചിതരില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം യാത്രക്കാര്‍ പാലിക്കുന്നില്ലെന്നാണ് സുരക്ഷാസേനയുടെ കണ്ടെത്തല്‍.
കഴിഞ്ഞദിവസം റെയില്‍വേ സുരക്ഷാസേനാംഗങ്ങള്‍ യാത്രക്കാരെന്ന മട്ടില്‍ എ.സി.കമ്ബാര്‍ട്ട്മെന്റുകളില്‍ നല്‍കിയ മധുരംപോലും മിക്കവരും മടികൂടാതെ വാങ്ങിക്കഴിച്ചു. ഇവര്‍ക്ക് സേനാംഗങ്ങള്‍ മുന്നറിയിപ്പു നല്‍കി. വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും യാത്രയ്ക്കിടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശവും സ്ത്രീകള്‍ കാര്യമായെടുക്കുന്നില്ലെന്ന് പരിശോധനകളില്‍ തെളിഞ്ഞു. അടുത്തിടെ തീവണ്ടികളില്‍ നടന്ന മോഷണങ്ങളിലേറെയും സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘങ്ങളാണ് നടത്തിയതെന്ന് റെയില്‍വേ സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അറിയിപ്പും നല്‍കിയിരുന്നു.
തീവണ്ടി സ്റ്റേഷനോട് അടുക്കുമ്പോള്‍ ലഗേജുമായി വാതിലിനടുത്തെത്തുന്ന യാത്രക്കാര്‍, തുടര്‍ച്ചയായി കവര്‍ച്ചയ്ക്കിരയാകുന്നുണ്ട്. മാലയും ബാഗുകളും കവര്‍ന്ന്, തീവണ്ടികളില്‍നിന്ന് മോഷ്ടാക്കള്‍ ചാടി രക്ഷപ്പെടാറാണ് പതിവ്. ഇതുസംബന്ധിച്ചു നല്‍കിയ മുന്നറിയിപ്പുകളും ആരും കാര്യമാക്കുന്നില്ല. വനിതാ മജിസ്ട്രേറ്റിന്റെ ബാഗ് ഉള്‍പ്പെടെയുള്ളവ അടുത്തിടെ വാതിലിനടുത്തുനിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു.
വാതില്‍പ്പടിയിലെ യാത്രയും സെല്‍ഫി ഭ്രമവുമാണ് മറ്റൊരു സുരക്ഷാ വെല്ലുവിളി. പുറത്തേക്ക് അപകടകരമാംവിധം തൂങ്ങിനിന്ന് വീഡിയോയും സെല്‍ഫിയുമെടക്കുന്നവരുടെ എണ്ണം ദിവസംതോറും കൂടിവരുന്നതായി റെയില്‍വേ സുരക്ഷാസേനാംഗങ്ങള്‍ പറയുന്നു. സ്ത്രീകളും കുട്ടികളും ഇത്തരത്തില്‍ സെല്‍ഫിയെടുക്കാന്‍ ഇറങ്ങുന്നുണ്ട്. താക്കീതും പിഴയും മുന്നറിയിപ്പുകളും ഫലംകാണുന്നില്ല.
Post Your Comments