ന്യൂഡൽഹി: കലാപമുണ്ടായ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ഡോവൽ ഇക്കാര്യം പറഞ്ഞത്. സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.
വടക്കു കിഴക്കൻ ഡൽഹിയിൽ മൂന്ന് ദിവസമായി സംഘർഷാവസ്ഥ നിലനിന്ന സ്ഥലങ്ങളാണ് ഡോവൽ സന്ദർശിച്ചത്. ജാഫറാബാദ്, മൗജ്പുർ, ബാബർപുർ, യമുനാവിഹാർ, ഭജൻപുര, ചാന്ദ്ബാഗ്, ശിവ് വിഹാർ തുടങ്ങിയ മേഖലകളിലാണ് കലാപമുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഡോവൽ ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
രാജ്യത്തെ സ്നേഹിക്കുന്നവർ മറ്റുള്ളവരെയും അയൽക്കാരെയും സ്നേഹിക്കണമെന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളത്. എല്ലാവരും ഐക്യത്തോടെ കഴിയണം. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദ്ദേശാനുസരണമാണ് എത്തിയിട്ടുള്ളതെന്ന് ഡോവൽ ജനങ്ങളോട് പറഞ്ഞു. ചില ക്രിമിനലുകളാണ് അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. അവരെ ഒറ്റപ്പെടുത്താൻ എല്ലാവരും ശ്രമിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാം സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമ പാലകരിൽ വിശ്വാസം അർപ്പിക്കുകയാണ്. പോലീസ് ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments