കൊച്ചി: ഒരുവര്‍ഷത്തിനും ഒരാഴ്ചയ്ക്കുംശേഷം ആദ്യമായി ആ അമ്മ വീടിനു പുറത്തിറങ്ങി. ഇത്രയുംനാള്‍ വീടിനുള്ളില്‍ പ്രിയപ്പെട്ട മകന്റെ കുപ്പായവും കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന ആ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കൈപിടിച്ച് സി.ബി.ഐ. ഓഫീസിനു മുന്നിലേക്കെത്തുമ്പോള്‍ യാചിച്ചത് ഒന്നുമാത്രം – ” അല്പം നീതി കിട്ടുമോ?”കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ അമ്മ ലത ഇന്ന് സങ്കടങ്ങളുടെമാത്രം കൂടാണ്. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐ. തുടങ്ങണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ എറണാകുളത്തു നടത്തിയ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാനാണ് ലത വീടിനു പുറത്തിറങ്ങിയത്.
ശരത് കൊല്ലപ്പെട്ട 2019 ഫെബ്രുവരി 17 മുതല്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാതെ കണ്ണീരുമായി കഴിയുകയാണ് ലത. ശരതിന് ഏറെ ഇഷ്ടമുണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള കുര്‍ത്തയും കെട്ടിപ്പിടിച്ചാണ് ഈ ദിനങ്ങളിലൊക്കെ ലത കഴിഞ്ഞിരുന്നത്. വീട്ടിലുള്ളവരോടുപോലും സംസാരം വല്ലപ്പോഴും മാത്രം. അഥവാ സംസാരിച്ചാല്‍ത്തന്നെ അത് ശരതിനെക്കുറിച്ചുള്ള ഓര്‍മകളുടെ കഥകളായിരിക്കും.ചേട്ടന്റെ മരണത്തിനുശേഷം അമ്മയുടെ ജീവിതം മരവിപ്പുമാത്രം നിറഞ്ഞതാണെന്നാണ് ശരതിന്റെ സഹോദരി അമൃത പറയുന്നത്. ”ഏട്ടന്‍ പോയതില്‍പ്പിന്നെ അമ്മ എപ്പോഴും കരച്ചിലാണ്.
കരഞ്ഞുകരഞ്ഞ് കണ്ണീര്‍വറ്റിയ അമ്മ ചില നേരങ്ങളില്‍ നിശ്ശബ്ദയായി അകലേക്കു നോക്കിയിരിക്കും. അമ്മയുടെ ആ ഇരിപ്പു കാണുമ്ബോള്‍ എനിക്കു പേടിയാണ്. കൂട്ടുകാരന്‍ ദീപുവിന്റെ കല്യാണത്തിന് ധരിക്കാന്‍ മഞ്ഞ നിറത്തിലുള്ള കുര്‍ത്തയും ചാരനിറത്തിലുള്ള മുണ്ടും വാങ്ങണമെന്നു പറഞ്ഞാണ് ചേട്ടന്‍ പോയത്…” -സങ്കടത്താല്‍ അമൃതയുടെ വാക്കുകള്‍ മുറിഞ്ഞു.”എന്റെ മോന്‍ വലിയ ഈശ്വരവിശ്വാസിയായിരുന്നു. എല്ലാ ദിവസവും അവന്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുമായിരുന്നു. അവന്‍ ഇല്ലാതായതില്‍പ്പിന്നെ എനിക്ക് അമ്പലത്തില്‍ പോകാന്‍പോലും തോന്നിയിട്ടില്ല. എന്റെ പൊന്നു മോനേ.. എന്നാലും നിന്നെ അവര്‍…”- ഓര്‍മകളുടെ പിടച്ചിലില്‍ കണ്ണീരോടെ ലത പറയുമ്പോള്‍ അമൃത അമ്മയുടെ കൈകളില്‍ മുറുകെപ്പിടിച്ചു.
Post Your Comments