കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ഒ എം എ സലാമിനെയും ജനറല്‍ സെക്രട്ടറിയായി അനീസ് അഹമ്മദിനെയും തിരഞ്ഞെടുത്തു. പുത്തനത്താണി മലബാര്‍ ഹൗസില്‍ ചേര്‍ന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ അസംബ്ലിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇ എം അബ്ദു റഹ് മാന്‍(വൈസ് ചെയര്‍മാന്‍), അഫ്‌സര്‍ പാഷ, വി പി നാസറുദ്ദീന്‍ (സെക്രട്ടറിമാര്‍), കെ എം ശരീഫ് (ട്രഷറര്‍) എന്നിവരെ മറ്റ് ഭാരവാഹികളായും ഇ അബൂബക്കര്‍, പി കോയ, മുഹമ്മദലി ജിന്ന, അബ്ദുല്‍ വാഹിദ് സേട്ട്, എ എസ് ഇസ്മയില്‍, അഡ്വ. എ മുഹമ്മദ് യൂസുഫ് എന്നിവരെ എന്‍.ഇ.സി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഫെബ്രുവരി 21 ന് ആരംഭിച്ച ത്രിദിന എന്‍.ജി.എ യോഗത്തില്‍ ഒ എം എ സലാം പതാക ഉയര്‍ത്തി. ബഹുജനങ്ങളുടെ ചെലവില്‍ സമ്പന്നരെയും കോര്‍പറേറ്റുകളെയും സേവിക്കുന്ന ഹിന്ദുത്വ രാഷ്ട്രപദ്ധതി ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായതായി ഒ എം എ സലാം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കുള്ള മൊത്തം ദേശീയ ബജറ്റ് 24 ലക്ഷം കോടിയായിരിക്കുമ്പോള്‍ രാജ്യത്തെ 64 കോര്‍പറേറ്റുകളുടെ മൊത്തം ആസ്തി 28 ലക്ഷം കോടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനകം ദുര്‍ബലപ്പെടുത്തിയ ഭരണഘടനയെ ഔദ്യോഗികമായി മാറ്റി സ്ഥാപിക്കല്‍ മാത്രമാണ് ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മാണത്തില്‍ ഇനി അവശേഷിക്കുന്നത്. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ, മതനിരപേക്ഷ സംവിധാനങ്ങളെയും തകര്‍ക്കുകയും ഇന്ത്യയെ വര്‍ഗീയ-സമഗ്രാധിപത്യ രാഷ്ട്രമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ 3 ദശകങ്ങളായി പോപുലര്‍ ഫ്രണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നത് യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ള സംഘടനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചവര്‍ ഇന്ന് പൗരത്വാവകാശങ്ങളുടെ പേരില്‍ പ്രതിഷേധിക്കാന്‍ ജനങ്ങളെ തെരുവിലിറക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. സംഘടനയുടെ ജനസമ്മിതി രാജ്യത്തുടനീളം, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വര്‍ധിച്ചതായി റിപോര്‍ട്ട് ചൂണ്ടി കാട്ടി. ഡയറക്ടര്‍ അഫ്‌സര്‍ പാഷ സ്വാഗതം പറഞ്ഞു.
Post Your Comments