ജക്കാര്‍ത്ത: ബിജെപിയുടെ ചരിത്രം ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പാഠ്യവിഷയമാക്കുന്നു. ശാന്തനു ഗുപ്ത എഴുതിയ ‘ഭാരതീയ ജനതാ പാര്‍ട്ടി- പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍, സ്റ്റോറി ഓഫ് വേള്‍ഡ്സ് ലാര്‍ജസ്റ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി’ എന്ന പുസ്തകമാണ് ഇസ്ലാമിക് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ സൌത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഷയത്തില്‍ പാഠ്യപുസ്തകമായി മാറുന്നത്. ബിരുദ വിദ്യാര്‍ഥികളുടെ സിലബസിലാണ് ബിജെപി ഇടംപിടിച്ചത്.
ഇന്ത്യയുമായുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്തോനേഷ്യ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഭരണകക്ഷിയായ ബിജെപിയെ പഠിക്കേണ്ടത് വളരെ പ്രധാനമാണെന്നും യൂണിവേഴ്സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പിലെ അധ്യാപകന് ഹഡ്സ പറഞ്ഞു. ഇന്തോനേഷ്യയിലെ അക്കാദമിക് വിദഗ്ധര്‍ക്കിടയില്‍ പാര്‍ട്ടിയോട് താല്പര്യം വര്‍ധിച്ചെന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍ വിഭാഗത്തിലെ ബിരുദ കോഴ്സുകള്‍ക്കായുള്ള ദക്ഷിണേഷ്യന്‍ പഠനത്തിനുള്ള സിലബസിലാണ് പുസ്തകം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഹഡ്സ പറഞ്ഞു.
പുസ്തകം ഇന്തോനേഷ്യന്‍ സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് തന്റെ സൃഷ്ടിയ്ക്ക് ആഗോള തലത്തില്‍ ലഭിക്കുന്ന അംഗീകാരമാണെന്ന് രചയിതാവ് ശാന്തനു ഗുപ്ത പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്രം, ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രം എന്നിവ ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങളും ഗുപ്ത രചിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയ രാഷ്ട്രീയപാര്‍ട്ടി അക്കാദമിക് വിദഗ്ധരില്‍ താല്പര്യം ജനിപ്പിക്കുന്നതാണെന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലെ ഒരു ഫാക്കല്‍റ്റി അംഗം പറഞ്ഞു. ഇന്ത്യ ഫൗണ്ടേഷന് സംഘടിപ്പിച്ച കൌടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് പുസ്തകത്തെക്കുറിച്ച് മനസിലാക്കിയതെന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം ഫാക്കല്‍റ്റി അംഗം ഹഡ്സ പറഞ്ഞു.
Post Your Comments