ദുബായ് : കൊറോണ വൈറസിനെ(കോവിഡ് -19) തുടർന്ന് ഇറാനിലേക്കും, തായ്ലൻഡിലേക്കുമുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ. പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച പ്രസ്താവനയും അധികൃതർ പുറത്തിറക്കി.
പുതിയ കൊറോണ വൈറസ് (കോവിഡ് -19) ബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനാരോഗ്യത്തിന്റെ സംരക്ഷണവും,സുരക്ഷയും കണക്കിലെടുത്ത് ഇറാനിലേക്കും തായ്ലൻഡിലേക്കും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം യാത്ര വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിലേക്ക് പോകരുതെന്ന് യുഎഇ പൗരന്മാരോടു ആവശ്യപ്പെടുന്നു. നിലവിൽ ഈ രാജ്യങ്ങളിലുള്ള പൗരന്മാർക്ക് യുഎഇ എംബസിയുമായോ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായോ (800 44444 എന്ന നമ്പറിൽ) ബന്ധപ്പെടാനും, മന്ത്രാലയത്തിന്റെ ‘തവാജുഡി’ സേവനത്തിൽ രജിസ്റ്റർ ചെയ്യുവാനും അഭ്യർത്ഥിക്കുന്നതായും അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
Also read : ഒമാനിൽ കൊറോണ വൈറസ്; സന്നാഹങ്ങളൊരുക്കി ആരോഗ്യ മന്ത്രാലയം, ജാഗ്രത പാലിക്കണമെന്നും നിര്ദേശം.
അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള യാത്രക്ക് സൗദി അറേബ്യയും വിലക്കേർപ്പെടുത്തി. കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നു ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.
നേരത്തെ ഇറാൻ സന്ദർശിച്ച മറ്റ് രാജ്യക്കാർ, രോഗബാധയേറ്റാൽ സ്ഥിരീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ സൗദിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. അതിനാൽ ഇറാൻ സന്ദർശിച്ചിട്ടുണ്ടെങ്കിൽ പതിനാല് ദിവസം കഴിയാതെ മറ്റു രാജ്യക്കാർക്ക് പ്രവേശനം അനുവദിക്കില്ല. വിലക്ക് മറികടന്ന് ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കെതിരെ പാസ്പോർട്ട് നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും വിലക്ക് ലംഘിക്കുന്ന വിദേശികളെ സൗദിയിലേക്ക് തിരിച്ചു വരാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ ഇറാൻ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അത് വിമാനത്താവളങ്ങളിലെയും,രാജ്യത്തിൻറെ പ്രവേശന കവാടങ്ങളിലെയും ഉദ്യോഗസ്ഥരോട് കർശനമായും വെളിപ്പെടുത്തണമെന്നു വ്യവസ്ഥയുണ്ട്. കൊറോണ വൈറസിനെ തുടർന്ന് സ്വദേശികളും സൗദിയിലുള്ള വിദേശികളും ചൈന സന്ദർശിക്കുന്നതിനും ജവാസാത് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Post Your Comments