തിരുവനന്തപുരം: ഒഴിവുകള്‍ അനവധി,എന്നിട്ടും കേന്ദ്രത്തില്‍ നിയമനനിരോധനം. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പത്തു ലക്ഷത്തിലധികം തസ്തികകളില്‍ രണ്ടുവര്‍ഷത്തോളമായി നിയമനം നടക്കുന്നില്ല. ഒഴിവുകള്‍ നികത്താത്തത് സാമ്പത്തിക പ്രതിസന്ധിമൂലമാണെന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലൊട്ടാകെ 34.99 ലക്ഷം പേരും കേരളത്തില്‍ നിന്ന് 4.29 കോടി യുവാക്കളും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത് നില്‍ക്കുമ്പോഴാണ് കേന്ദ്രത്തില്‍ നിയമനനിരോധനം. വിവധ വകുപ്പുകളിലായി രണ്ടു വര്‍ഷത്തോളമായി നിയമനം നാമമാത്രമായാണ് നടക്കുന്നത്. സ്ഥിരനിയമനം നല്‍കുന്നതിനുപകരം ക്ലാര്‍ക്ക്, അറ്റന്‍ഡര്‍ തസ്തികകള്‍ പുറംകരാര്‍ നല്‍കുകയാണിപ്പോള്‍. ബ്രൈറ്റ് ഹെവന്‍, വിന്റേജ് പോലുള്ള കമ്പനികള്‍ക്കാണ് വിവിധ മന്ത്രാലയങ്ങളിലെ തൊഴില്‍ പുറംകരാര്‍ നല്‍കിയിട്ടുള്ളത്. 10,000 മുതല്‍ 18,000 വരെ രൂപയാണ് ഇവര്‍ ശമ്പളം നല്‍കുന്നത്. അതും മാസം പകുതി ആവുമ്പോള്‍ മാത്രമാണ് നല്‍കുന്നതെന്ന് പരാതിയുണ്ട്.
2019 മാര്‍ച്ച് വരെ റെയില്‍വേയിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ഐ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ നികത്താതെ കിടപ്പുണ്ട്. റെയില്‍വേയില്‍ 3,03,911 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഒഴിവുകള്‍ നികത്തിയിട്ടില്ല. 36,436 പേരുടെ നിയമനങ്ങള്‍ അന്തിമഘട്ടത്തിലാണെങ്കിലും മറ്റ് ഒഴിവുകളിലേക്കുള്ള നിയമന നടപടികള്‍ ഇഴയുകയാണ്. പ്രതിരോധമേഖലയില്‍ മൂന്നു ലക്ഷത്തിലധികം ഒഴിവുകളുണ്ട്. കര, നാവിക, വ്യോമസേനകളിലായി 3,11,063 ഒഴിവുകളാണുള്ളത്. യൂണിഫോമിതര തസ്തികകളില്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ 3782, ഓഫീസര്‍മാരുടെ 34,289, ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള മറ്റു ജോലിക്കാരുടെ 2,01,669 ഒഴിവുകളാണ് നികത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇതു വൈകുമെന്നാണ് സൂചന.
Post Your Comments