ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ പരിഹാസ ഒളിയമ്പെയ്ത് ശശി തരൂര്‍ എം.പി . ഉത്തര്‍ പ്രദേശില്‍ സ്വര്‍ണം കണ്ടെത്തിയെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ മുറുകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് തരൂര്‍ കേന്ദ്രത്തിനെതിരെ പരിഹാസം അഴിച്ചുവിട്ടത്.
‘എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ടണ്‍-മന്‍-ധന്‍ എന്നിവയോട് ഇത്രമേല്‍ ആവേശം കാണിക്കുന്നത്? ആദ്യം അഞ്ചു മില്യണ്‍ ടണ്‍ സമ്ബദ് വ്യവസ്ഥയെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശമായിരുന്നു. പിന്നെ ഉത്തര്‍ പ്രദേശില്‍ നിന്നും 3350 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയെന്നും. അതാകട്ടെ 160 കിലോയായി ചുരുങ്ങുകയും ചെയ്തു. ഈ ടണ്‍ ടണാ ടണ്‍ വര്‍ത്തമാനം സര്‍ക്കാര്‍ അല്‍പ്പംകുറയ്ക്കേണ്ട സമയമായിരിക്കുന്നു.’ ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
മുന്‍പ് ഒരു ദേശീയമാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അഞ്ചു മില്യണ്‍ ടണ്ണിലെത്തുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഡോളറിന്റെ കണക്കിലാണ് സാധാരണ പറയുക. എന്നാല്‍ മന്ത്രിക്ക് നാവുപിഴ സംഭവിക്കുകയും ഡോളറിന് പകരം ടണ്‍ എന്ന് ഉപയോഗിക്കുകയുമായിരുന്നു.
ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ മൂവായിരം ടണ്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയെന്ന യു.പി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം ഇന്നലെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ അത് വെറും അവകാശവാദം മാത്രമാണെന്നും അത്രയും വലിയ അളവില്‍ സോന്‍ഭദ്രയില്‍ സ്വര്‍ണനിക്ഷേപമില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എം.ഡി. ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
Post Your Comments