തിരുവനന്തപുരം : സംസ്ഥാനത്ത് സൂര്യൻ കനത്ത ചൂടിലേക്ക്. താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച പകല്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരുവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തി.
Also read : നല്ല ആരോഗ്യത്തിന് അത്താഴം കുറയ്ക്കാം
സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കുക. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കൈയില്‍ കരുതുകയും വേണം. പകല്‍ സമയത്ത് നിര്‍ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. അയഞ്ഞ, ഇളം നിറങ്ങളിലുള്ള കട്ടികുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം, നിര്‍മാണ തൊഴിലാളില്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, ഇരുചക്രവാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ ആവശ്യമായ വിശ്രമം എടുക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു
അതേസമയം പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പാലിക്കണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരും ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്നും അധികൃര്‍ കർശന നിർദേശം നൽകി
Post Your Comments