തിരുവനന്തപുരം: വിഴിഞ്ഞത്ത് ആധാര്‍ കാര്‍ഡ് ചോദിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ കടല സുരേഷിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കോല സ്വദേശിയാണ് അറസ്റ്റിലായ സുരേഷ്. സമാനമായ രീതിയില്‍ ഇയാള്‍ മറ്റു പലരേയും ആക്രമിച്ചതായി നാട്ടുകാർ മുമ്പും ആരോപിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിൽ ഒഡീഷ സ്വദേശിയായ ഗൗതം മണ്ഡലിനാണ് മർദ്ദനമേറ്റത്.നാട്ടുകാർ നോക്കി നില്ക്കേയാണ് സംഭവം.ജോലികഴിഞ്ഞ് മുക്കോലയിലെ റീചാര്‍ജ് കടയിലെത്തിയതായിരുന്നു ഗൗതം.അശ്രദ്ധമായി ഓട്ടോ പിറകിലേക്കെടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു .ഒപ്പം ആധാർ കാർഡ് പിടിച്ചു വാങ്ങുകയും ചെയ്തു.സ്ഥലത്തെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചു നല്‍കിയത്.
സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിവാദമായതോടെ കടല സുരേഷിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുകയായിരുന്നു.ഓട്ടോ സ്റ്റാന്‍ഡിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതിനു മുന്‍പും സുരേഷ് ആളുകളെ കാരണമില്ലാതെ മര്‍ദ്ദിച്ചതായി പരാതികള്‍ വന്നിട്ടുണ്ട്.സുരേഷിനെതിരെ വധശ്രമത്തിനുള്ള വകുപ്പു ചുമത്തിയാണ് കേസെടുത്തത്.
മര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.ഒരു മൊബൈല്‍ കട ഉടമയെ സുരേഷ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments