EDITORIAL
നമസ്തേ ട്രംപിനു അരങ്ങൊരുങ്ങി വിശിഷ്ടാതിഥിക്കായി നമ്മുടെ രാജ്യം കാത്തിരിക്കുമ്പോൾ ലോകമാകമാനം ആകാംക്ഷയോടെ കണ്ണുംനട്ട് നമ്മളെ നോക്കിയിരിക്കുന്നു. ഇത് ചരിത്രപരമായ ഒരു സന്ദർശനമായതുക്കൊണ്ടു തന്നെ വിശിഷ്ടാതിഥിക്കായി ഇന്ത്യ അവിസ്മരണീയമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.ഡൊണാൾഡ് ട്രംമ്പെന്ന ലോകരാഷ്ട്രതലവന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണ് ഇന്ന് ആരംഭിക്കുന്നത്.അമേരിക്കൻ
പ്രസിഡന്റായിരിക്കെ ബരാക്ക് ഒബാമ മാത്രമാണ് ഇന്ത്യയില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് മേഖലയില്‍ അമേരിക്ക നല്‍കുന്ന പ്രധാന്യത്തിന്റെ സൂചനയായിട്ടാണ് സമീപകാലത്തെ അമേരിക്കൻ പ്രസിഡന്റുമാരുടെ ഇന്ത്യാസന്ദർശനത്തെ പൊതുവേ വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ.അമേരിക്ക നയതന്ത്രബന്ധം മോദി -ട്രംപ് കൂട്ടുക്കെട്ടിൽ കൂടുതൽ ദൃഢമാവുന്ന കാഴ്ചയാണ് 2016 മുതൽ ലോകം കണ്ടത്.ലോകത്തിലെ രണ്ട് വൻ ജനാധിപത്യ രാജ്യങ്ങളെ ഒരേ ഹൃദയതാളത്തിൽ കൊരുത്ത ഹൗഡിമോദി സംഗമം ഇന്ത്യ-യു.എസ്. സൗഹൃദത്തിന്റെ പുതിയ ഉയരങ്ങൾ കുറിച്ച ചരിത്രത്തിനു സാക്ഷ്യമാകുകയായിരുന്നു. ‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’ എന്ന സന്ദേശവുമായി നടത്തിയപരിപാടിയിൽ ട്രംപ് നേരിട്ടെത്തിയത് ഇരുരാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായിരുന്നു. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയായിരുന്നു ഹൗഡിമോദി.
വ്യാപാരബന്ധത്തിലെ ചില അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ 2018 സെപ്റ്റംബറില്‍ നടന്ന 2 പ്ലസ് 2 ചര്‍ച്ച നയതന്ത്ര- പ്രതിരോധ മേഖലകളിലെ ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു. വ്യാപാരത്തിലും സുരക്ഷയിലും വലിയ മുന്നേറ്റമുണ്ടാക്കുന്ന കോംകാസ എന്നറിയപ്പെടുന്ന കമ്മ്യൂണിക്കേഷന്‍സ് കോംപാക്റ്റബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി കരാർ 2018ലെ ഇന്ത്യ- അമേരിക്ക ബന്ധത്തിലെ സുപ്രധാന ഏടായി മാറി. ഇന്ത്യയിലേക്ക് അമേരിക്കന്‍ സൈനിക ഉപകരണങ്ങളുടെ വില്‍പ്പനയ്ക്കുളള സാധ്യത തുറന്നിടുന്ന കരാറാണ് കോംകാസ. 2018 നവംബറിൽ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ഉഭയകക്ഷി വ്യാപാരക്കരാറില്‍ ട്രംപ് ഇന്ത്യക്കാരെ ‘കാര്‍ക്കശ്യമുള്ള ഉടമ്പടിക്കാര്‍’ എന്ന് വിളിച്ചാണ് നമ്മളെ പുകഴ്ത്തിയത്. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ദൃഢത വിളിച്ചോതുന്ന ഒന്ന്’എന്നാണ് 2 പ്ലസ് 2 മന്ത്രിതല ചര്‍ച്ചയെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വിശേഷിപ്പിച്ചത്.
ആഗോള വെല്ലുവിളികള്‍, ഇന്തോ-പസഫിക് മേഖലയുടെ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലുള്ള സഹകരണം വര്‍ധിപ്പിച്ച് അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യയെ വളര്‍ത്തിയെടുക്കുന്ന നടപടികള്‍ക്കാണ് 2 പ്ലസ് 2 ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്. ഇന്ത്യയ്ക്ക് എസ്ടിഎ-1 വ്യാപാരപദവി ലഭിച്ചതുള്‍പ്പടെയുള്ള നേട്ടങ്ങള്‍ ഇന്ത്യയെ അമേരിക്ക വേണ്ടപ്പെട്ട സഖ്യകക്ഷിയായി കാണുന്നുവെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്.
ഇന്ത്യയിലെയും അമേരിയ്ക്കയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രിമാർ തമ്മിൽ നടക്കുന്ന2019ലെ 2+2 നയതന്ത്ര ഉച്ചകോടിയിൽ വച്ചാണ് ഇരു രാജ്യങ്ങളെയും ശക്തമായി ബന്ധിപ്പിയ്ക്കുന്ന നിർണ്ണായകമായ പ്രതിരോധ കരാർ ഒപ്പുവച്ചത്. വാഷിംഗ്ടൺ ഡി സിയിൽ അമേരിക്കൻ പ്രതിരോധവകുപ്പ് ആസ്ഥാനത്തു വച്ചാണ് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും, അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്പെറും തമ്മിൽ കൂടിക്കാഴ്ച നടന്നത്. വ്യവസായ രക്ഷയെപ്പറ്റിയുള്ള സുപ്രധാനമായ കരാറിലും ഇരുരാജ്യങ്ങളും അന്ന് ഒപ്പുവച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെപ്പറ്റിയും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളും നടന്നു.
ഇറാനുമേലുള്ള യുഎസ് ഉപരോധത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ ഇളവ് ലഭിച്ച എട്ട് രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു തെളിവാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലത്തിയതും ഈ ആക്രമണത്തില്‍ പങ്കാളികളാകുകയോ ഗൂഢാലോചനയില്‍ പങ്കെടുക്കുകയോ സഹായം നല്‍കുകയോ ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഏത് രാജ്യക്കാര്‍ക്കും 5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ പ്രതിഫലമായി പ്രഖ്യാപിച്ചതും അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള താത്പര്യത്തിന് ഉദാഹരണങ്ങളാണ്.
നമസ്തേ ട്രംപിനെ ചൈനയും പാക്കിസ്ഥാനും ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.പാക് കേന്ദ്രീകത തീവ്രവാദം,ദക്ഷിണേഷൃയിലെ ചൈനയുടെ പ്രകോപനപരമായ നിലപാടുകളും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും ഈ സന്ദർശനത്തിൽ ചർച്ചയാവുമെന്ന് നിരീക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.പാക് തീവവാദത്തിനെതിരെ ഇന്ത്യയുമായി സഹായിക്കാൻ അമേരിക്ക തയ്യാറായാൽ അത് ഏറ്റവും വലിയ തിരിച്ചടിയാകുക പാക്കിസ്ഥാനും ചൈനയ്ക്കുമാണ്.ചൈനയുടെ ഏഷ്യൻ ശക്തിയാകാനുള്ള നീക്കത്തിനും ഇത് തിരിച്ചടിയാകും.ചൈന വിരുദ്ധനിലപാടാണ് ഈ വിഷയത്തിൽ ട്രംപിനുള്ളത് എന്നത് കൂട്ടിവായിക്കേണ്ടതാണ്.
ഈ സന്ദർശനത്തിലൂടെ അമേരിക്കയില്‍നിന്ന് 2.6 ബില്ല്യണ്‍ ഡോളറിന്റെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ പ്രതിരോധ ആയുധ നിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ്മാര്‍ട്ടിന്‍ എന്ന കമ്പനിയില്‍നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്ന് നേരത്തെ ധാരണയായിരുന്നു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ടുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്ന സൂചനകളുമുണ്ട്.
നയതന്ത്രബന്ധത്തിനും വ്യാപാരകരാറിലും പുത്തനുണർവ്വ് സമ്മാനിക്കുന്ന നമസ്തേ ട്രംപിനെതിരെ ആരോപണവുമായി പുരോഗമനവാദികൾ പതിവുപോലെ തലപ്പൊക്കിതുടങ്ങിയിട്ടുണ്ട്. കപടതയുടെ മുഖംമൂടിയണിഞ്ഞ സമകാലീന ലിബറലിസത്തിന്റെ വക്താക്കൾക്ക് മോദിയും ട്രംപും ശത്രുക്കളാവുന്നത് സ്വാഭാവികം മാത്രം.ഇസ്ലാമിക തീവവാദത്തിനെതിരെ മൃദുനിലപാട് പുലർത്തേണ്ടത് ലിബറലിസത്തിന്റെ ആവശ്യകതയായി പരിഗണിക്കപ്പെടുമ്പോൾ അതിനെതിരെ ശക്തമായി പടനയിക്കുന്ന ഇരുവരും ശത്രുക്കളാവാതെ തരമില്ലല്ലോ.മനുഷ്യാവകാശത്തേയും മറ്റു ലിബറൽ കാഴ്ചപ്പാടുകളേയും കുറിച്ച് വാതോരാതെ സംസാരിച്ചിട്ടും, സംഘർഷങ്ങൾക്കും, സംസ്കാരങ്ങൾ നശിപ്പിക്കുന്നതിനും, കപടമതേതരത്വം പ്രോൽസാഹിപ്പിക്കുന്നതിനും എന്നും മുന്നിൽ നില്ക്കുന്ന ലിബറൽ പ്രസ്ഥാനം ഇന്ന് ഏറെക്കുറെ ചരിത്രത്തിന്റെ ചവറ്റുക്കൊട്ടയിലാവുന്നതും ഇതൊക്കെക്കൊണ്ടുതന്നെയാണല്ലോ!
Post Your Comments