അങ്കാറ•കിഴക്കൻ തുർക്കിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി അനഡോലു റിപ്പോർട്ട് ചെയ്തു.
അഞ്ച് പേർക്ക് പരിക്കേൽക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മറ്റ് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കരുതുന്നു.
തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 9:23 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ (ആറ് മൈൽ) അകലെയുള്ള ഇറാനിയൻ ഗ്രാമമായ ഹബാഷ്-ഇ ഒലിയയ്ക്കടുത്തായിരുന്നുവെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ആറ് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പമുണ്ടായതെന്ന് ടെഹ്റാൻ സർവകലാശാലയുടെ ഭൂകമ്പ കേന്ദ്രം അറിയിച്ചു.
ഇറാനിലെ പശ്ചിമ അസർബൈജാൻ പ്രവിശ്യയിലെ നാല് ഗ്രാമങ്ങളിലായി 25 പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായി രാജ്യത്തെ അടിയന്തര സേവന വക്താവ് മൊജ്‌താബ ഖാലിദി പറഞ്ഞു.
ഭൂകമ്പത്തിൽ അയൽ പ്രദേശമായ വാൻ പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിൽ നാശനഷ്ടമുണ്ടായതായി അനഡോലു പറഞ്ഞു.
ഈ മാസം ആദ്യം രണ്ട് ഹിമപാതങ്ങങ്ങളില്‍ പ്രവിശ്യയിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments