അഹമ്മദാബാദ്: ട്രംപിന്റെ വരവിനായി നാടും നഗരവും മോടി പിടിപ്പിക്കല്‍ തുടരുന്നു. തെരുവ് പട്ടികളെയും തെരുവ് പശുക്കളെയും ഓടിച്ചിട്ട് പിടിക്കുന്നത് മുതല്‍ ബിഎസ്എഫിന്റെ ഒട്ടകപ്പടയെ വിന്യസിച്ച് വരേയാണ് അഹമ്മദാബാദിനെ മോടിപിടിപ്പിക്കുന്നുത്. ചേരിയുടെ കാഴ്ച മറയ്ക്കാന്‍ മതില്‍ ഉയര്‍ത്തിക്കെട്ടിയ വിവാദത്തിന് പിന്നാലെ വിവാദങ്ങള്‍ കൊണ്ട് നിറയ്ക്കുകയാണ് മോദി. ട്രംപ് എത്തുമ്പോള്‍ സുരക്ഷയ്ക്കുതന്നെയാണ് പ്രാധാന്യം. 24ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കാന്‍ പാടില്ല. ജാമര്‍ വാഹനങ്ങള്‍ യുഎസില്‍ നിന്നും എത്തിച്ചിട്ടുണ്ട്.
റോഡ് ഷോ നടക്കുന്ന വീഥിയില്‍ രാവിലെ എട്ടിനുശേഷം ഗതാഗതം നിരോധിച്ചു. സിബിഎസ്ഇ പരീക്ഷയെഴുതുന്ന കുട്ടികള്‍ പോലും അതിനുമുന്നേ സ്‌കൂളിലെത്തണം. അവര്‍ക്ക് അവിടെ പ്രഭാതഭക്ഷണം തയ്യാര്‍. പൊതുപരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന് സമീപത്തെ സൊസൈറ്റികള്‍ പോലീസ് കാവലിലാണ്. അകത്ത് കയറാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. തെരുവുപട്ടികളെയും പശുക്കളെയും ഒരാഴ്ചയായി ഓടിച്ചിട്ട് പിടിക്കുന്നു. എങ്ങാനും പ്രസിഡന്റിന്റെമുന്നില്‍ ചാടിയാലോയെന്ന ജാഗ്രത. വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡരികിലെ മതിലുകളെല്ലാം നിറംപൂശി നില്‍ക്കുന്നു. പല ഭാവങ്ങളില്‍ മോഡിയും ട്രംപും ആ ചുവരുകളില്‍ നിറഞ്ഞിട്ടുണ്ട്. മീഡിയനുകളില്‍ വളര്‍ച്ചയെത്തിയ എണ്ണപ്പനകള്‍ അതേപടി നട്ടുപിടിപ്പിച്ചിട്ടുണ്ട്. വഴികളിലെ ഓരോ മനുഷ്യനെയും ക്യാമറകള്‍ ഒപ്പിയെടുക്കും. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കി.
സ്റ്റേഡിയത്തിനുമുന്നിലെ ടെലികോം ടവറുകള്‍ അശ്രീകര കാഴ്ചയാകാതിരിക്കാന്‍ അവയെല്ലാം പൈന്‍ മരങ്ങളുടെ രൂപത്തിലാക്കി. ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ രാവിലെ മുതല്‍ പിടിച്ചിരുത്താന്‍ ഗുജറാത്തിലെ മികച്ച ഗായകരും നര്‍ത്തകരും ഇവിടെ ഒത്തുചേരും. 25 കിടക്കകളുള്ള ഒരു ആധുനിക ആശുപത്രിയും സ്റ്റേഡിയത്തില്‍ സജ്ജമാണ്. റോഡ് ഷോ നടക്കുന്ന വീഥികളുടെ അരികില്‍ അമ്പത് വേദികള്‍ തയ്യാറാണ്. ഇവിടെയാണ് വിവിധ സംസ്ഥാനങ്ങളുടെ കലാവിരുന്നുകള്‍ ട്രംപിനും കുടുംബത്തിനുമായി അവതരിപ്പിക്കുക. യു.എസ്. വ്യോമസേനയുടെ ആറു ചരക്കുവിമാനങ്ങളാണ് പ്രസിഡന്റിനും പരിവാരങ്ങള്‍ക്കും മൂന്നരമണിക്കൂര്‍ ചെലവഴിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമായി എത്തുന്നത്.
Post Your Comments