മുംബൈ: ശിവസേന വീണ്ടും ബിജെപിക്കൊപ്പം ചേരുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് – എന്‍സിപി ക്യാമ്പ്. പ്രധാന മന്ത്രി നരേന്ദ്ര മോദി- ഉദ്ധവ് കൂടിക്കാഴ്ചയാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ,എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്ന ഉദ്ധവ് താക്കറെ ഡല്‍ഹിയിലെ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുകയും പൌരത്വ നിയമ ഭേദഗതി,എന്‍ ആര്‍ സി,എന്‍ പി ആര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
നേരത്തെ തന്നെ ഭീമാ കൊറെഗാവ് സംഘര്‍ഷത്തിലെ അന്വേഷണം എന്‍ ഐഎ യ്ക്ക് കൈമാറിയത് എന്‍സിപി യെ ചൊടിപ്പിച്ചിരുന്നു.അതുകൊണ്ട് തന്നെ ഉദ്ധവ് സ്വീകരിക്കുന്ന നടപടികളില്‍ കരുതലോടെ നീങ്ങാനാണ് എന്‍ സിപി തീരുമാനം. ജനസംഖ്യാ റെജിസ്റ്ററുമായി സഹകരിക്കുമെന്നും ഉദ്ധവ് കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി .അതേസമയം പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ് ഈ സാഹചര്യത്തില്‍ ഉദ്ധവ് സ്വീകരിക്കുന്ന നിലപാട് കോണ്‍ഗ്രസിനും എന്‍സിപിക്കും തലവേദനയാകുമെന്ന്‍ ഉറപാണ്.
ഈ സാഹചര്യത്തില്‍ ശിവസേന വീണ്ടും ബിജെപിക്കൊപ്പം ചേരുമോ എന്ന ചര്‍ച്ച സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും ബിജെപി നേതാക്കളും ശിവസേനാ നേതാക്കളും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടുമില്ല. എന്നാല്‍ ശിവസേന സഖ്യം വിട്ടതിനുശേഷം ബിജെപി നേതാക്കള്‍ മഹാരാഷ്ട്ര നവനിർമ്മാണ സേന നേതാവ് രാജ് താക്കറെയുമായി ചര്‍ച്ചകള്‍ നടത്തുകയു ചെയ്തു.
മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമോ എന്നും ശിവസേനാ നേതാക്കള്‍ക്ക് ആശങ്കയുണ്ട്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രംഗത്ത് വന്ന എംഎന്‍എസ് മുംബൈയില്‍ വലിയ റാലി സംഘടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തങ്ങളുടെ അടിസ്ത്ഥാന വോട്ട് ബാങ്കായ മറാത്ത വോട്ടുകളിലും ഹിന്ദു വോട്ടുകളിലും വിള്ളല്‍ വീഴുമോ എന്ന ആശങ്ക ശിവസേനയ്ക്കുണ്ട്.
ശിവസേനയെ സംബന്ധിച്ചടുത്തോളം അവര്‍ ബിജെപിയുമായി വീണ്ടും സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ തുറന്ന മനസാണെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കലഹിച്ചാണ് ശിവസേന എന്‍ഡിഎ വിട്ട് പോവുകയും കോണ്‍ഗ്രസ്സും എന്‍സിപിയുമായി ചേര്‍ന്ന് മഹാ വികാസ് ആഘാടി എന്ന സഖ്യം രൂപീകരിക്കുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരം എല്ക്കുകയും ചെയ്തത്.എന്നാല്‍ ഇപ്പോള്‍ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വീണ്ടും ശിവസേന ബിജെപി സഖ്യം സാധ്യമാകുമോ എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
Post Your Comments