എരുമപ്പെട്ടി: വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ആണ് അവിനാശിയിലെ കെ എസ് ആര്‍ ടി സി ബസ് ദുരന്തം അനുവിന്റെ ജീവനെടുത്തത്. ഞായറാഴ്ച ഗള്‍ഫിലേക്ക് പോകുന്ന തന്റെ ഭർത്താവ് സ്‌നിജോയെ യാത്രയാക്കാന്‍ വേണ്ടി നാട്ടിലേക്ക് വരുന്ന വഴിയാണ് മരണം അനുവിനെ വിളിച്ചു കൊണ്ടു പോയത്. ബംഗളൂരുവിലെ ഒപ്റ്റം മെഡിക്കല്‍ സെന്ററില്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗത്തില്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു അനു.
ഖത്തറില്‍ ജോലിനോക്കുന്ന സ്‌നിജോ ലീവ് കഴിഞ്ഞ് ഞായറാഴ്ച മടങ്ങി പോകാന്‍ ഇരിക്കെ യാത്രയാക്കാന്‍ നാട്ടിലേക്ക് ബസ് കയറിയതായിരുന്നു അനു. ലീവ് ഇല്ലാതിരുന്നതിനാല്‍ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അനു ബംഗളൂരുവിലേക്ക് പോയി. തുടര്‍ന്ന് ഫെബ്രുവരി രണ്ടാം തീയതി തിരുഹൃദയ പള്ളി പെരുന്നാളിന് തിരിച്ചെത്തി. തുടര്‍ന്ന് പെരുന്നാളിന്റെ ഭാഗമായി നടന്ന ആഘോഷങ്ങളിലും മറ്റ് കുടുംബ സത്കാരങ്ങളിലും ഇരുവരും പങ്കെടുത്തു. പിന്നീട് നാലാം തീയതി മധുവിധു ആഘോഷിക്കാന്‍ വേണ്ടി ഡല്‍ഹിയിലേക്ക് പോയി. നാല് ദിവസത്തിന് ശേഷം ഇരുവരും ബംഗളൂരുവിലേക്ക് മടങ്ങി.
ബംഗളൂരുവില്‍ അനുവിന് ഒപ്പം ഒരാഴ്ച സ്‌നിജോയും ഉണ്ടായിരുന്നു. 17ന് നാട്ടിലേക്ക് മടങ്ങിയ സ്‌നിജോയ്‌ക്കൊപ്പം അനുവിന് തിരിക്കാനായില്ല. കമ്പനി അവധി അനുവദിച്ചത് വ്യാഴാഴ്ചയായിരുന്നു. ബുധനാഴ്ചത്തെ ഡ്യൂട്ടിയും നോക്കിയാണ് രാത്രി ഒമ്പത് മണിയോടെ അനു കെ എസ് ആര്‍ ടി സിയില്‍ കയറിയത്.
അനുവിനെ വിളിക്കാൻ സ്‌നിജോ കാറുമായി ഇന്നലെ പുലര്‍ച്ചെ 3.30 ന് തന്നെ തൃശൂര്‍ കെ. എസ്. ആര്‍ .ടി. സി സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും ബസ് എത്തതെ വന്നതോടെ ഫോണില്‍ വിളിച്ചു. എന്നാല്‍ അനു എടുത്തില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ആണ് അപകട വിവരം പൊലീസ് അറിയിക്കുന്നത്.
ബന്ധുക്കളോടൊപ്പം സ്‌നിജോ അപകടം നടന്ന തിരുപ്പൂര്‍ അവിനാശിയിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ തിരുപ്പൂരിലെ ആശുപത്രിയില്‍ എത്തിയ സ്‌നിജോ കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരമാണ്. പ്രിയതമയുടെ മൃതശരീരവുമായി സ്‌നിജോ വീട്ടിലെത്തിയ രംഗം കണ്ടു നില്‍ക്കാന്‍ സാധിക്കാതെ ബന്ധുക്കളും നാട്ടുകാരും വാവിട്ടു കരഞ്ഞു. അനുവിനെ ഖത്തറിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്‌നിജോ.
Post Your Comments