ബെംഗളൂരു: തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചു , ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു. വെസ്റ്റ് ബെംഗളൂരു സ്വദേശിയായ സുധീര്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് ഇയാള്‍ കമിതാക്കളായ യുവാവിനും യുവതിക്കുമെതിരേ വെസ്റ്റ്‌ബെംഗളൂരു പൊലീസ് സ്റ്റേഷനില്‍ കമിതാക്കള്‍ക്കെതിരെ പരാതി നല്‍കി. ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ കബ്ബണ്‍ പാര്‍ക്കിലായിരുന്നു സംഭവം.
പാര്‍ക്കിലെ മുളങ്കൂട്ടത്തിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന തന്നെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചെന്നുമാണ് സുധീറിന്റെ പരാതി. കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ താന്‍ ഇത് ചെയ്തിട്ടില്ലെന്നും മൂത്രമൊഴിക്കുകയായിരുന്നുവെന്നു പറഞ്ഞിട്ടും കമിതാക്കള്‍ പിന്മാറിയില്ല. മര്‍ദിച്ചതിനൊപ്പം യുവതി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചെന്നും ഇയാളുടെ പരാതിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സുധീറിന്റെ പരാതി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുധീര്‍ എന്തിനാണ് പാര്‍ക്കില്‍ പോയതെന്നും മുളങ്കൂട്ടത്തിന് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവസമയം പാര്‍ക്കിലുണ്ടായിരുന്നവര്‍ നല്‍കിയ മൊഴിയും ഇയാള്‍ക്കെതിരാണ്. ഏകദേശം 20 മിനിറ്റോളം സുധീറിനെ മുളങ്കൂട്ടത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
Post Your Comments