രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആറു മാസത്തിനുള്ളിൽ മാറ്റം വരുമെന്ന് ഹീറോ എന്‍റർപ്രൈസ് ചെയർമാൻ സുനിൽ മുൻജാൽ. ഉപഭോഗം വർധിക്കാതെ മരവിച്ച് നിൽക്കുന്നതാണ് നിലവിലെ പ്രശ്നം. കോർപ്പറേറ്റ് നികുതികൾ കുറച്ചതും, പുതിയ ഫാക്ടറികളുടെ നികുതി നിരക്ക് 15 ശതമാനമായി കുറച്ചതും ഫലം ചെയ്തിട്ടില്ല. ഫാക്ടറികളുടെ ഉൽപാദന ശേഷിയേക്കാൾ കുറവാണ് നിലവിലെ ഉൽപാദനം.
കൊറോണ വൈറസ് ബാധ മൂലം ചൈനയിലുണ്ടായ പ്രതിസന്ധി മുതലെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നും അദേഹം പറഞ്ഞു. പല ഉൽപന്നങ്ങൾ നിർമിക്കാനും ചൈനയിൽ നിന്ന് പാർട്സുകൾ എത്തേണ്ടതുണ്ട്. ഈ അവസ്ഥ തുടർന്നാൽ ലോക നിർമാണ മേഘല വലിയ പ്രതിസന്ധിയിലേയ്ക്ക് പോകും. എന്നാൽ ഉൽപന്നങ്ങൾ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്നതിനാൽ ഹീറോയ്ക്ക് പ്രശ്നം ഉണ്ടാകില്ല.
ചൈനയിലെ പ്രതിസന്ധി ബംഗ്ലാദേശ്, വിയ്റ്റനാം പോലുള്ള രാജ്യങ്ങൾ തങ്ങൾക്ക് അനുകൂലമായി മാറ്റുകയാണ്. എന്നാൽ മാന്ദ്യം മൂലം ഇന്ത്യയ്ക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിയുന്നില്ലെന്നും സുനിൽ മുൻജാൽ പറഞ്ഞു.
വിഭജന കാലത്ത് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ മുൻജാൽ കുടുംബം തുടങ്ങിയ ഹീറോ കമ്പനി ഇന്ന് ലോകത്തെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കളാണ്.
Post Your Comments