Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അവിനാശി ദുരന്തം ; കണ്ടക്ടറുടെ മൃതദേഹം എത്തിച്ചു ; ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നു

തിരുപ്പൂര്‍: തമിഴ്നാട്ടിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു. അപകടത്തില്‍ മരിച്ച കണ്ടക്ടര്‍ വി ആര്‍ ബൈജുവിന്റെ മൃതദേഹം എറണാകുളത്ത് എത്തിച്ചു. എറണാകുളം ബസ് സ്റ്റാന്‍ഡില്‍ സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ ബൈജുവിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകര്‍ക്ക് കാണാനായി അല്പനേരം വെക്കും.

അപകടത്തില്‍ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോള്‍, തൃശൂര്‍ അരിമ്പൂര്‍ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടില്‍ എത്തിച്ചിട്ടുണ്ട്. അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. 20 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സച്ചെലവും സര്‍ക്കാര്‍ വഹിക്കും.

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തില്‍പ്പെട്ടത്. കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായ ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് ടൈല്‍സുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. ഡിവൈഡറില്‍ കയറി എതിര്‍വശത്തുകൂടി വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ടൈല്‍സും ഗ്രാനൈറ്റും അടക്കം ഭാരമേറിയ വസ്തുക്കളുള്ള ലോറിയായതിനാല്‍ ഇടിയുടെ ആഘാതം കൂടി. ബസിന്റെ വലതു ഭാഗം പൂര്‍ണമായും തകര്‍ന്നു.

മരിച്ചവര്‍ എല്ലാം ഈ ഭാഗത്ത് ഇരുന്നവരാണ്. ബസ് ഡ്രൈവറും കണ്ടട്കറും തല്‍ക്ഷണം മരിച്ചു. അപകട സമയത്ത് യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് തമിഴ്‌നാട് പൊലീസിന്റ നിഗമനം.എന്നാല്‍ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് ഡ്രൈവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button