കോയമ്പത്തൂര്‍: നാടിനെ നടുക്കിയ കോയമ്പത്തൂര്‍ അവിനാശി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മരിച്ചവരുടെ കുംടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ ധാരണയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബത്തിന് മുപ്പത് ലക്ഷം രൂപ നല്‍കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇന്‍ഷുറന്‍സ് തുക ഇനത്തില്‍ കൂടിയാണ് തുക ലഭ്യമാക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ നല്‍കും.
അടിയന്തരമായി രണ്ട് ലക്ഷം രൂപ ഒരാഴ്ചക്കകം തന്നെ മരിച്ചവരുടെ കുംടുംബത്തിന് നല്‍കും. നടപടിക്രമങ്ങള്‍ തടസമാകാത്ത വിധത്തില്‍ പണം കൈമാറാനാണ് തീരുമാനമെന്നും ബാക്കി തുക ഒരു മാസത്തിനകം കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഗിരീഷിന്റെ പെരുമ്പാവൂരിലെ വീട്ടില്‍ മന്ത്രി സി രവീന്ദ്രനാഥ് എത്തി അനുശോചനം അറിയിച്ചു.
Post Your Comments