വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും 1 കിലോ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 10 വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ. ദുബായി കോടതിയാണ് പാക്കിസ്ഥാൻ സ്വദേശിയായ 21 കാരനെ ശിക്ഷിച്ചത്. ഇയാളുടെ ബാഗിൽ ഗ്രീൻ ടീ എന്ന വ്യാജേന ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിനാണ് പിടികൂടിയത്. ശിക്ഷാ കാലവധി കഴിഞ്ഞതിന് ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.
കഴിഞ്ഞ വർഷം നവംബർ 7 നാണ് ഇയാൾ വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തുന്നത്. പുലർച്ചെ നാലു മണിക്ക് ദുബായ് വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ ബാഗിന്‍റെ വലുപ്പം കണ്ട് സംശയിച്ചാണ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചത്. ഗ്രീൻ ടീ എന്ന് രേഖപ്പെടുത്തിയ മൂന്ന് പാക്കറ്റുകൾ പരിശോധനയിൽ കണ്ടെത്തി. ഇതിലായിരുന്നു ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. ഇതോടെ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. ലാബ് റിപ്പോർട്ട് പ്രകാരം 1145 ഗ്രാം ഹെറോയിനാണ് പ്രതിയുടെ പക്കൽ ഉണ്ടായിരുന്നത്. പ്രതിക്ക് വിധിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്.
Post Your Comments