ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന നിലപാട് തന്നെയാണ് പാർട്ടിയുടേതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. തീരുമാനത്തിൽ മാറ്റമൊന്നുമില്ല. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2018 സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ചരിത്രവിധി സുപ്രിംകോടതി പ്രസ്താവിച്ചത്. സി പി എം ഈ വിധിയൊടൊപ്പമാണെന്നും കേന്ദ്ര കമ്മിറ്റി പറഞ്ഞു. അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടി തെറ്റായി പോയെന്നും കേന്ദ്ര കമ്മിറ്റി വിമർശിച്ചു.
എന്നാൽ, ശബരിമലയിൽ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. ആറ്റുകാൽ, ചക്കുളത്ത് കാവ്, കന്യാകുമാരി തുടങ്ങിയ ക്ഷേത്രങ്ങളിലെ ആചാര വൈവിദ്യങ്ങൾ ചൂണിക്കാണിച്ചാകും സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാട് വ്യക്തമാക്കുക.
ഈ ക്ഷേത്രങ്ങളിലെ വിലക്ക് ലിംഗവിവേചനമല്ല. ആചാരമാണ്. അത്തരം ആചാരങ്ങളെ ഒരു ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിക്കുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. മുമ്പ് നടന്ന വാദത്തിനിടെ ശിവക്ഷേത്രത്തിലെ ആചാരങ്ങളല്ല ദേവീക്ഷേത്രങ്ങളിലേതെന്ന് തുഷാർ മേത്ത കോടതിയിൽ വാദിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്‌സികളുടെ ഫയര്‍ ടെമ്പിളിലും സ്ത്രീകള്‍ക്കുള്ള പ്രവേശന വിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ ചേലാകര്‍മം എന്നിവയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളിലാണ് ഒന്‍പതംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്.
Post Your Comments