കൊച്ചി: ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനയ്ക്കിടെ നല്‍കുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഭക്ഷ്യസുരക്ഷാ നിയമത്തിന് അനുസൃതമായി നിലവാരം ഇല്ലാത്തതാണ് അപ്പവും വീഞ്ഞുമെന്ന് ആരോപിക്കപ്പെട്ടു. അതിനാല്‍ നിലവാരം അനുസരിച്ചുള്ള രീതിയില്‍ ഇവ വേണമെന്നായിരുന്നു ആവശ്യം.
കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പക്ഷെ, ഹൈക്കോടതി ഇതില്‍ ഇടപെട്ടില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ഇടപെടാന്‍ സാധിക്കില്ലന്ന് കോടതി വ്യക്തമാക്കി. അതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതി തള്ളി.
കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നല്‍കുന്നതില്‍ ഇടപെടാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്നു കോടതി പറഞ്ഞു. ഭക്ഷണ സാധനങ്ങളുടെ നിര്‍മാണം, ശേഖരണം, വിതരണം, വില്‍പന തുടങ്ങിയവയുടെ നിയന്ത്രണത്തിനുള്ളതാണു ഭക്ഷ്യ സുരക്ഷാ നിയമം. കുര്‍ബനായ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികള്‍ സ്വീകരിക്കുന്നതു ഭക്ഷണമായല്ല,വിശ്വാസത്തിന്റെ ഭാഗമായാണെന്നു കോടതി വിലയിരുത്തി. ആചാര, വിശ്വാസങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ സഭാധികൃതര്‍ തന്നെ തീരുമാനിക്കണമെന്നു കോടതി പറഞ്ഞു.മതസ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. മതം അനുശാസിക്കുന്ന രീതിയില്‍ അത് അനുഷ്ഠിക്കുന്നത് അംഗങ്ങളുടെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
ഒരേ ഒരു സ്പൂണ്‍ ഉപയോഗിച്ചു കൊണ്ടാണു വിശ്വാസികളുടെ നാവില്‍ അല്‍പ്പം വീഞ്ഞ് വൈദികന്‍ പകര്‍ന്നു നല്‍കുന്നത്. വൈദികന്‍ തന്റെ കൈവിരലുകള്‍ കൊണ്ടുതന്നെ അപ്പക്കഷ്ണങ്ങള്‍ നല്‍കുന്നു. സ്പൂണോ വൈദികന്റെ വിരലുകളോ കഴുകുന്നില്ല. വിശ്വാസികളുടെ നാവിലെ ഉമിനീരു വഴി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നായിരുന്നു പരാതിക്കാരുടെ വാദം.
Post Your Comments