ജക്കോബാബാദ്: പ്രായപൂര്‍ത്തിയാകാത്ത മെഹക് കുമാരി എന്ന പതിനഞ്ചുകാരിയുടെ മോചനത്തിനായി പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ വന്‍പ്രതിഷേധറാലി. ജക്കോബബാദിലാണ് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ മതതീവ്രവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതാണെന്നും, അവളെ നിര്‍ബന്ധപൂര്‍വം മതം മാറ്റിയതാണെന്നും ആരോപിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു.
സര്‍ക്കാരും മുസ്ലിം മതപണ്ഡിതന്മാരും ഒത്തുചേര്‍ന്നുകൊണ്ടാണ് മതപരിവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.പാക്കിസ്ഥാനില്‍ മുസ്ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവായി സ്വീകരിച്ചതാണെന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് മെഹക് കുമാരി വ്യക്തമാക്കിയിരുന്നു.എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇതു മാറ്റിപ്പറഞ്ഞ് മെഹക് രംഗത്തെത്തി. നിര്‍ബന്ധപൂര്‍വം തന്നെ ഇസ്ലാമിലേക്ക് മതംമാറ്റിയെന്നും ഹിന്ദു മതത്തിലേക്ക് തിരികെ പോകണമെന്നും മെഹക് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്കെതിരെ തിരിഞ്ഞ് ഇസ്‌ലാമിക മതപണ്ഡിതന്മാര്‍. തന്നെ നിര്‍ബന്ധപൂര്‍വം മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയില്‍ പ്രസ്താവിച്ച പെണ്‍കുട്ടിക്ക് മതനിന്ദയുടെ പേരില്‍ വധശിക്ഷ നല്‍കണമെന്നാണ് ഇവരുടെ പക്ഷം.സെഷന്‍സ് കോടതിയില്‍നിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും ‘നീതി’ ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ ഷാരിയ കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാരുടെ പക്ഷം. ഇതിനായി വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകാന്‍ തങ്ങള്‍ തയാറാണെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍, കേസ് പരിഗണിച്ച ജക്കോബാബാദ് സെഷന്‍സ് കോടതി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നും നിയമപ്രകാരമല്ല വിവാഹമെന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരേ നിയമനടപടി സ്വീകരിക്കാനും മെഹക് കുമാരിയെ അഭയ കേന്ദ്രത്തില്‍ അയയ്ക്കാനും കോടതി ഉത്തരവിട്ടു. ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന മെഹക്കിന് 15 വയസ്സാണ് പ്രായമെന്ന വാദം അംഗീകരിച്ചാണ് കോടതി അഭയകേന്ദ്രത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണെന്ന മെഹക്കിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പെണ്‍കുട്ടിയുടെ പിതാവും ഹിന്ദു സംഘടനകളും വ്യക്തമാക്കിയിരുന്നു. അഭയകേന്ദ്രത്തില്‍ അയക്കാതെ പെണ്‍കുട്ടിയെ മാതാപിതാക്കളെ തിരികെ ഏല്‍പിക്കണമെന്നാണ് പിതാവിന്റേയും ബന്ധുക്കളുടേയും ആവശ്യം. ഇതേത്തുടര്‍ന്നാണ് മെഹകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.
മെഹക് കുമാരിയെ മോചനത്തിനായി ലണ്ടനിലെ പാക് ഹൈക്കമ്മിഷണര്‍ ഓഫിസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.28 കാരനായ അലി റാസക്ക് രണ്ട് ഭാര്യമാരും നാല് മക്കളുമുണ്ടെന്നും ഹിന്ദു സംഘടനകള്‍ പറയുന്നു.
Post Your Comments