ആറ്റിങ്ങല്‍: അയല്‍വാസികളായ വീട്ടമ്മയേയും ഗൃഹനാഥനേയും വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കടുവയില്‍ മണിമന്ദിരത്തില്‍ പരേതനായ കൃഷ്ണന്‍കുട്ടി നായര്‍- രാധാമണിയമ്മ ദമ്പതികളുടെ മകന് ഷിനു (സന്തോഷ് – 38), അയല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശാന്തീകൃഷ്ണ (36) എന്നിവരെയാണു ഞായറാഴ്ച പകല്‍ പതിനൊന്നോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയും രണ്ടു മക്കളുമുള്ള ഷിനുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും ശാന്തീകൃഷ്ണയെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലുമാണു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശാന്തീകൃഷ്ണയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്യുകയായിരുന്നിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്.
നിര്‍മാണത്തിലിരിക്കുന്ന പുതിയ വീടിനുള്ളില്‍ ഞായറാഴ്ച രാവിലെ ഷിനുവിനെ തൂങ്ങിയ നിലയില്‍ അവരുടെ അമ്മ കാണുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഷിനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ബഹളം കേട്ട് ഷിനുവിന്റെ വീട്ടിലെത്തിയ ശാന്തികൃഷ്ണയുടെ അമ്മ സ്വന്തം മകളെ അന്വോഷിച്ച് അവരുടെ വീട്ടിലെത്തി. അപ്പോഴാണ് കിടപ്പുമുറിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ മകളെ കണ്ടത്.
വിദേശത്തുള്ള ശാന്തീകൃഷ്ണയുടെ ഭര്‍ത്താവ് കുറച്ചുനാള്‍ മുന്‍പ് നാട്ടിലെത്തിയപ്പോള്‍ ഇവരുടെ ബന്ധം അറിയുകയും റസിഡന്റ്സ് അസോസിയേഷന് മുഖേന ഇരുവരേയും താക്കീത് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ബന്ധത്തിലുണ്ടായ വിള്ളലാകാം കൊലയ്ക്കു കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഷിനുവിന്റെ ശരീരത്തില്‍ ക്ഷതമേറ്റ പാടുണ്ട്. ശാന്തീകൃഷ്ണയുടെ കൈകളിലും , കാലിലും, കഴുത്തിലും ചതവുകളുണ്ടെന്നും മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുള്ളതായും പൊലീസ് വ്യക്തമാക്കി. ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.
Post Your Comments