തിരുവനന്തപുരം : പ്രവാസികള്‍ക്ക് മാത്രമായി ആരംഭിച്ച നോര്‍ക്കയുടെ സൗജന്യ സേവനം സൂപ്പര്‍ ഹിറ്റ് . പ്രവാസിക്ഷേമ കാര്യങ്ങളെക്കുറിച്ച് അറിയാനും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു കേരളത്തില്‍ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചു മനസിലാക്കാനും പ്രവാസികള്‍ ഒരു വര്‍ഷത്തിനിടെ വിളിച്ചത് ഒന്നര ലക്ഷത്തിലേറെ കോളുകളാണെന്നാണ് നോര്‍ക്ക പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 33 രാജ്യത്തു നിന്നും നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസിക്കായുള്ള ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലേക്ക് (ജിസിസി) വിളിച്ച കോളുകളുടെ എണ്ണമാണിത്. കൃത്യമായി പറഞ്ഞാല്‍ 1,77,685 ഫോണ്‍ കോള്‍. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനിടെ ലഭിച്ചതാണ് ഇത്രയും കോളുകള്‍.
വെബ്സൈറ്റ് മുഖേന ഇതു സംബന്ധിച്ച 37,255 ചാറ്റുകളും ലഭിച്ചു. ഇന്ത്യയ്ക്കു പുറമേ യുഎഇ., സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഫോണ്‍ കോള്‍ ഏറെയും. ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഇന്തോനീഷ്യ, അഫ്ഗാനിസ്ഥാന്‍, ഒമാന്‍, ജര്‍മനി, തുര്‍ക്മിനിസ്ഥാന്‍, ഇറാന്‍, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക, യുകെ, യുഎസ്, കംബോഡിയ, ജോര്‍ജിയ, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ലാവോസ്, മ്യാന്മര്‍, ഫിലിപ്പീന്‍സ്, റഷ്യ, ദക്ഷിണ കൊറിയ, സ്പെയിന്‍, തയ്വാന്‍, തജികിസ്ഥാന്‍, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കോളുകള്‍ ലഭിച്ചിട്ടുണ്ട്.
റിക്രൂട്ട്മെന്റ്, ഐഡി കാര്‍ഡ്, അറ്റസ്റ്റേഷന്‍, ആംബുലന്‍സ് സര്‍വീസ്, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, ലോക കേരള സഭ, വീസ സ്റ്റാംപിങ്, ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്, ഭൗതിക ശരീരം നാട്ടില്‍ എത്തിക്കല്‍, കേരള പൊലീസ് എന്‍ആര്‍ഐ സെല്‍, പാസപോര്‍ട്ട്, പ്രവാസി ക്ഷേമനിധി ബോര്‍ഡ്, എംബസികളുടെയും കോണ്‍സിലേറ്റുകളുടെയും വിവരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണു പ്രധാനമായും വന്നത്
Post Your Comments