Latest NewsIndiaNews

ട്രംപിന്റെ സന്ദര്‍ശനവും ഇന്ത്യയുടെ പ്രഹസനവും

ദില്ലി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ നിര്‍മിക്കുന്നു. ഇപ്പോള്‍ ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപമുള്ള പാന്‍ കടകള്‍ സീല്‍ ചെയ്ത് പൂട്ടിയിരിക്കുകയാണ് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വകുപ്പ്.

ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള വിമാനത്താവളത്തിനും സ്റ്റേഡിയത്തിനും ഇടയിലെ ഇന്ദിരാ ബ്രിഡ്ജിന് സമീപത്തെ ദേവ് സരണ്‍ ചേരിയുടെ അരികിലാണ് മതില്‍ പണിയുന്നത്. മതില്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ റോഡില്‍ നിന്ന് ചേരിയിലേക്കുള്ള ദൃശ്യം ഇല്ലാതാകും. ചേരി പ്രദേശത്ത് 600 മീറ്റര്‍ നീളത്തില്‍ 6-7 അടി ഉയരമുള്ള മതിലാണ് പണിയുന്നത്.

ദേവ് സരണ്‍ ചേരിയില്‍ 2,500ലേറെ പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകള്‍ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്. റോഡ് ഷോ സമയത്ത് തെരുവ് നായ്ക്കളും പശുക്കളും അലഞ്ഞു തിരിയുന്ന സാഹചര്യവും ഒഴിവാക്കും. മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി മനോഹരമാക്കിയും പുതിയ വൈദ്യുതിക്കാലുകള്‍ സ്ഥാപിച്ചും നഗരം മോടിപിടിപ്പിക്കല്‍ തകൃതിയാണ്.

ട്രംപ് സന്ദര്‍ശിക്കുന്ന മൂന്ന് മണിക്കൂര്‍ നേരമെങ്കിലും അഹമ്മദാബാദും പരിസരവും വൃത്തിയുള്ളതാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി റോഡുകളും ചുമരുകളും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരത്തിലെ റോഡിലും കടകളുടെ ചുമരുകളിലും പാന്‍ മസാല ചവച്ച് തുപ്പരുതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടയും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണണെന്നും പാന്‍ ചവച്ചു തുപ്പിയതിന്റെ ചുവപ്പ് നിറം ചുവരില്‍ കാണാതെ പെയിന്റ് പൂശണമെന്നും നിര്‍ദ്ദേശമുണ്ട്. മൂന്ന് പാന്‍ മസാല കടകളാണ് അധികൃതര്‍ സീല്‍ ചെയ്ത് താല്‍കാലികമായി അടച്ചുപൂട്ടിയത്. സീല്‍ തകര്‍ത്ത് കട തുറക്കാന്‍ ശ്രമിക്കുന്ന കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കടയ്ക്ക് ചുറ്റും മാലിന്യങ്ങളും പാന്‍ ചവച്ചുതുപ്പിയതിന്റെ അടയാളങ്ങളും കണ്ടെത്തിയതിന്റെ ഭാഗമായാണ് കടകള്‍ സീല്‍ ചെയ്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സിഗരറ്റ് കുറ്റികളടക്കമുള്ള മാലിന്യങ്ങള്‍ പരിസരങ്ങളില്‍ വലിച്ചെറിയുന്നത് സ്ഥിരം കാഴ്ചയാണ്. കടകള്‍ തുറന്ന് പ്രവൃത്തിക്കുകയാണെങ്കില്‍ ഇതുതന്നെ സംഭവിക്കുമെന്നും അതിനാലാണ് കടകള്‍ അടച്ചുപൂട്ടിയതെന്ന് അഹമ്മദാബാദ് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button