ന്യൂയോര്‍ക്ക്•ഐക്യരാഷ്ട്രസഭയിലെ മുന്‍ യു.എസ് അംബാസഡറുടെ മകള്‍ സോഫിയ നെഗാപ്രോണ്ടെ (27) യെ വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്തു.
മെരിലാന്‍ഡില്‍ യൂസഫ് റാസ്മുസ്സനെ (24) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി മോണ്ട്ഗോമറി കൗണ്ടി പോലീസ് അറസ്റ്റു ചെയ്തത്.
റോക്ക്‌വില്‍ സിറ്റിയിലെ വീട്ടില്‍ പോലീസ് എത്തുമ്പോള്‍ റാസ്മുസ്സെന് കുത്തേറ്റ് രക്തത്തില്‍ വാര്‍ന്നു കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണവും സംഭവിച്ചു.
റാസ്മുസ്സനും സോഫിയയും പരിചയക്കാരാണെന്നും, ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.
പ്രസിഡന്‍റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്‍റെ കീഴില്‍ യുഎന്‍ അംബാസഡറായും ഇറാഖിലെ അംബാസഡറായും സേവനമനുഷ്ഠിച്ച ജോണ്‍ നെഗാപ്രോണ്ടെയുടെ ദത്തുപുത്രിയാണ് സോഫിയ നെഗപ്രോണ്ടെ. ബുഷ് അഡ്മിനിസ്‌ട്രേഷന്റെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടറായും ബുഷിന്‍റെയും പ്രസിഡന്‍റ് ബരാക് ഒബാമയുടെയും കീഴില്‍ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും നെഗാപ്രോണ്ടെ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു സോഫിയ എന്ന് അമ്മ ഡയാന നെഗാപ്രോണ്ടെ പറഞ്ഞു. ‘അവള്‍ സ്വന്തമായി ജീവിക്കാനും കോളേജില്‍ ചേരാനും ശ്രമിക്കുകയായിരുന്നു. അതിന് ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ അവള്‍ക്കുണ്ടായിരുന്നു,’ എന്ന് അമ്മ പ്രതികരിച്ചു.
ഹോണ്ടുറാസില്‍ നിന്ന് ജോണ്‍ നെഗാപ്രോണ്ടെ ദത്തെടുത്ത അഞ്ച് മക്കളില്‍ ഒരാളാണ് സോഫിയ. 1980-കളില്‍ അദ്ദേഹം യുഎസ് അംബാസഡറായി ഹോണ്ടുറാസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments