തൊടുപുഴ: നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ജോസ് കെ. മാണി വിഭാഗം ഉള്‍പ്പെടെയുള്ള എട്ട് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളും ഒത്തുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
താന്‍ ജോസഫ് ഗ്രൂപ്പില്‍ ലയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. രണ്ട് മുന്നണികളിലെയും പ്രമുഖര്‍ ജനപക്ഷവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ജനപക്ഷം ഭാരവാഹികളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മദ്ധ്യകേരളത്തിലെ സമുന്നതനായ കേരളകോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് കേരള കോൺഗ്രസ്സുകളെ ഒരുമിപ്പിക്കാൻ മുന്‍കൈ എടുക്കണം. ഇനി എന്‍.ഡി.എയിലേക്ക് തിരികെ ഇല്ല. കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാക്കിയത് ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്ന് കരുതിയാവുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണ മാനദണ്ഡങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. നാല് ലക്ഷം രൂപ വരെ സംവരണ മാനദണ്ഡമായി നിശ്ചയിച്ചപ്പോള്‍ 2.5 ഏക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവരെ ഒഴിവാക്കി. ഇപ്പോള്‍ 15 ഏക്കര്‍ കര്‍ഷകനുപോലും നാല് ലക്ഷം വരുമാനം ലഭിക്കുന്നില്ല. കടക്കെണിയില്‍ അകപ്പെട്ട് നട്ടം തിരിയുന്ന കര്‍ഷകരോടുള്ള അവഗണനയാണിത്. സംവരണ മാനദണ്ഡം മൂന്ന് ഹെക്ടറാക്കി ഉയര്‍ത്തണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments