![](/wp-content/uploads/2020/02/1-109.jpg)
തിരുവനന്തപുരം: നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായി സിമെന്റിനും കമ്പിക്കും ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലവര്‍ധിച്ചു. ഇതോടെ നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുകയാണ്. സിമെന്റിന് പായ്ക്കറ്റിന് 20 മുതല്‍ 30 രൂപ വരെയാണു വര്‍ധിച്ചത്. ഹോള്‍സെയില്‍ വില ഒരു പായ്ക്കറ്റ് സിമെന്റിന് ശരാശരി 380 രൂപവരെയായി. റീട്ടെയ്ല്‍ വില 400 രൂപയോളമെത്തി. പ്രമുഖ ബ്രാന്‍ഡുകളായ രാംകോ, ശങ്കര്‍, അള്‍ട്രാടെക് എന്നിവയ്ക്ക് റിട്ടെയ്ല്‍ വില 400 രൂപയോളമായി. ചെട്ടിനാട്, എ.സി.സി. എന്നിവയ്ക്ക് 380 രൂപയാണു റിട്ടെയ്ല്‍ വില. ടി.എം.ടി. കമ്പികളുടെ വില വര്‍ധിച്ചത് ജനുവരി മുതലാണ്. വിവിധ ബ്രാന്‍ഡുകള്‍ക്ക് കിലോക്ക് ശരാശരി 10 രൂപയോളമാണ് വര്‍ധിച്ചത്. അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ധിച്ചതാണ് വിലക്കൂടാന്‍ കാരണമെന്നാണു കമ്പനി അധികൃതര്‍ പറയുന്നത്.
കരിങ്കല്ലിന്റെ ലഭ്യതകുറഞ്ഞതോടെ പല ക്രഷറുകളും പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞു. നിലവിലുള്ള ക്വാറികളുടെ ലൈസന്‍സ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ലൈസന്‍സ് പുതുക്കി കിട്ടിയില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകും.പാരിസ്ഥിതികാനുമതിയാണു പാറമടകള്‍ക്ക് വേണ്ടത്. ജില്ലകളില്‍ കലക്ടര്‍ അധ്യക്ഷനായ പാരിസ്ഥിതികാഘാതപഠനക്കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഹരിതട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഇതോടെ സംസ്ഥാനതലത്തിലുള്ള പഠന കമ്മിറ്റിയാണു നിലവില്‍ ഇതു പഠിച്ചുവരുന്നത്.ലൈസന്‍സ് പുതുക്കി ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്നാണ് സൂചന. പാറ മണലിന്റെ ലഭ്യതകുറഞ്ഞതോടെ സിമെന്റ് കട്ട നിര്‍മാണവും നിലച്ചു.ഇരുമ്പു പൈപ്പുകള്‍ക്കും കിലോക്ക് ആറുരൂപയുടെ വര്‍ധനയുണ്ട്. കരിങ്കല്ലിനും എം സാന്‍ഡിനും മെറ്റലിനും വില ഉയര്‍ന്നിട്ടുണ്ട്.
പാറമടകളുടെ ലൈസന്‍സ് പുതുക്കാതെ വന്നതുകൊണ്ട് സംസ്ഥാനത്ത് പല പാറമടകളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇത് ഉല്‍പ്പന്നലഭ്യതയില്‍ കുറവുവരുത്തി. ഇതാണ് വില കൂടാന്‍ ഇടയാക്കിയത്.ഒരു അടി എം സാന്‍ഡിനും മെറ്റലിനും നാലു മുതല്‍ അഞ്ചുരൂപവരെ വില വര്‍ധനയുണ്ട്. ഈ വിലക്കയറ്റം നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
Post Your Comments