കൊച്ചി: നമ്മള് കാണുകയും തൊടുകയും ചെയ്യുന്ന ദേശം അല്ല കൃതികളില്‍ വരുന്നതെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ്. എന്റെ ദേശം എന്റെ എഴുത്ത് എന്ന വിഷയത്തില്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള് അറിയുന്ന ചരിത്രവുമല്ല സാഹിത്യത്തില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന സാധാരണ മനുഷ്യരില്‍നിന്നു കിട്ടുന്ന മിത്തുകളും കഥകളും അവരുടെ സംസാരങ്ങളും അതില്‍നിന്നു പുനരുല്പാദിപ്പിക്കുന്ന കാര്യങ്ങളുമാണ് സാഹിത്യരചനയില്‍ വരുന്നത്. ജീവിതത്തിലെ കടുവയ്ക്ക് നാലു കാലുണ്ടെങ്കില്‍ എഴുത്തിലെ കടുവയ്ക്ക് മൂന്നു കാലായിരിക്കും, ചിലപ്പോള്‍ രണ്ടു വാലുമുണ്ടാകും. താന്‍ എഴുതിയ നോവലിലെ ദേശം യഥാതഥമായ ദേശമല്ല. മനസ്സിന്റെ ആവിഷ്കാരമാണ്. അതിന്റെ വിഹ്വലതകളും ഭയവും അതില്‍ കടന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രവും ദേശവും നമ്മള് സാഹിത്യത്തിലുപയോഗിക്കുന്നത് വേറൊരു തലത്തിലാണെന്ന് എഴുത്തുകാരന് എസ്. ഹരീഷ് അഭിപ്രായപ്പെട്ടു. ചരിത്രത്തെയും ദേശത്തെയും കൃത്യമായി അടയാളപ്പെടുത്തുകയല്ല നമ്മള് ചെയ്യുന്നത്. സാഹിത്യകൃതിക്ക് അനുസൃതമായി മാറ്റിമറയ്ക്കുകയാണ് ചെയ്യുന്നത്. ഭാഷയും അതുപോലെ തന്നെ. പ്രാദേശിക ഭാഷ എന്നത് ഉപയോഗിക്കുന്നത് പലപ്പോഴും എഴുത്തിനനുസൃതമായി മാറ്റിയ പ്രാദേശിക ഭാഷയായാണ്. ദേശം ഇന്നത്തെ കാലത്ത് കുറച്ചുകൂടി വികസിച്ചു വരേണ്ടതാണ്. ഒരു കുറ്റിയില്‍ കെട്ടിയ പശുപോലെ കറങ്ങാതെ കൂടുതല്‍ വിപുലമാകണമെും അദ്ദേഹം പറഞ്ഞു.
ദേശം എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താവുന്ന കാര്യമല്ലെന്ന് പി കൃഷ്ണനുണ്ണി അഭിപ്രായപ്പെട്ടു. ദേശമെന്ന് പറയുന്നത് ഒട്ടേറെ അടരുകളുള്ള ഒരു പുസ്തകമാണ്. ദേശത്തിനുള്ളില്‍ നിരവധി മറുദേശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ നാനാത്വങ്ങളുടെ ഒരു ആകത്തുകയാണ് ദേശം. ഞാന്‍ ജനിച്ചുവീണ ഒരു ഗ്രാമമോ പ്രദേശമോ മാത്രമല്ല നോക്കിക്കാണുത്. മറിച്ച് കേരളം എന്ന ദേശത്തെ, ആ ദേശത്തിനുള്ളിലെ അനേക ദേശങ്ങളെയും ചരിത്രങ്ങളെയുമാണ്. ഇവയുടെ ആകെത്തുകയാണ് ദേശം. തന്റെ എഴുത്തും. ഭാവനകള്‍ക്കതീതമായി അനേക ചരിത്രങ്ങളുടെ ആകെത്തുക സൃഷ്ടിക്കുന്ന ഒരു വലിയ ഭൂമികയാണ് ദേശം എന്നാണ് താന്‍ വിശ്വസിക്കുന്നത്. അങ്ങനെയുള്ളൊരു ദേശം ദേശരാഷ്ട്രം എന്ന് പറയുന്ന ഏകതാന സങ്കല്പത്തിന് തുരങ്കം വയ്ക്കുന്ന ഒന്നാണെന്നും കൃഷ്ണനുണ്ണി പറഞ്ഞു.
Post Your Comments